ന്യൂദല്‍ഹി- ദല്‍ഹിയിലെ സീലാംപൂര്‍ പ്രദേശത്ത് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് കുട്ടികളുടെ സംഘം ലൈംഗികമായി പീഡിപ്പിച്ചതിനെ തടുര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പത്തുവയസ്സുകാരന്‍ മരിച്ചു.
എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ദിവസങ്ങളോളം അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. 13 ദിവസത്തിന് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.
സംഭവത്തില്‍ രണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പിടികൂടിയെങ്കിലും മാതാപിതാക്കളുടെ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പിന്നീട് വിട്ടയച്ചിരുന്നു. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയെ കൂടി പിടികൂടിയതായി പോലീസ് അറിയിച്ചു.
സെപ്തംബര്‍ 18നാണ് കുട്ടിയെ മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചത്.
ആക്രമണം നടന്ന് മൂന്ന് ദിവസത്തിന് ശേഷം കുട്ടിക്ക് അസുഖമയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി ജീവനക്കാരാണ് സീലംപൂര്‍ സ്‌റ്റേഷനിലെ പോലീസില്‍ വിവരമറിയിച്ചത്.
പോലീസ് സംഘം ആശുപത്രിയില്‍ എത്തി കുട്ടിയുടെ മാതാപിതാക്കളെ കണ്ടെങ്കിലും അവര്‍ മൊഴി നല്‍കാന്‍ തയ്യാറായില്ലെന്ന് പോലീസ് പറഞ്ഞു.
പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ കൗണ്‍സിലിങ്ങിന് ശേഷമാണ് സെപ്തംബര്‍ 18 ന് കുട്ടിയുടെ മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് ശാരീരികമായി പീഡിപ്പിക്കുകയും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തതായി കുട്ടിയുടെ അമ്മ അറിയിച്ചത്. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഐപിസി 377/34, പോക്‌സോ ആക്ട് എന്നിവ പ്രകാരം കേസെടുത്തു.
10നും 12നും ഇടയില്‍ പ്രായമുള്ള പ്രതികള്‍ ആണ്‍കുട്ടിയുടെ സുഹൃത്തുക്കളാണെന്നും ന്യൂ സീലംപൂര്‍ ജുഗ്ഗിസില്‍ തന്നെയാണ് താമസിച്ചിരുന്നതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.