Sorry, you need to enable JavaScript to visit this website.

പോലീസ് നടപടിയെ ഭയമില്ല, ജീവന് ഭീഷണിയുണ്ടെന്ന് അശ്വതി ജ്വാല

തിരുവനന്തപുരം- തനിക്കെതിരായ പോലീസ് നടപടിയെ ഭയമില്ലെന്നും സത്യത്തിനും നീതിക്കുമൊപ്പം നിലകൊള്ളുമെന്നും അശ്വതി ജ്വാല. വിദേശ വനിത ലിഗയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമെതിരെ ആരോപണം ഉന്നയിച്ച അശ്വതിയുടെ പേരിൽ അനധികൃത പിരിവ് നടത്തിയെന്ന പരാതിയിൽ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ പശ്ചാതലത്തിലാണ് ലിഗയുടെ സഹോദരിക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ അശ്വതി നിലപാട് വ്യക്തമാക്കിയത്. പരാതി ലഭിച്ചിട്ടുണ്ടെന്നും കമ്മീഷണർ ഓഫീസിൽ ചെല്ലണമെന്നും പോലീസ് ആവശ്യപ്പെട്ടതായി അശ്വതി വ്യക്തമാക്കി. തന്റെയും കുടുംബത്തിന്റെയും ജീവന് ഭീഷണിയുണ്ടെന്നും ജ്വാലയുടെ ഓഫിസിൽ അപരിചിതർ സന്ദർശനം നടത്തുന്നുവെന്നും ജ്വാല പറഞ്ഞു. തന്റെ വീടിന് മുന്നിലൂടെ പതിവില്ലാത്ത രീതിയിൽ അപരിചതർ കടന്നുപോകുന്നുമുണ്ട്. എന്ത് പ്രതിസന്ധിയുണ്ടായാലും വിദേശവനിതകളുടെ വേദനക്കൊപ്പം നിൽക്കുമെന്നും അശ്വതി വ്യക്തമാക്കി. 
പരാതി നൽകിയ കോവളം അനിൽകുമാർ ആരാണെന്ന് പോലും അറിയില്ല. അഞ്ചുവർഷമായി ഈ പ്രവർത്തനം തുടങ്ങിയിട്ട്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആളല്ല പൊതുജനപിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്. അവരുടെ പിന്തുണ ഇനിയുമുണ്ടാകും. മുഖ്യമന്ത്രിക്കെതിരായ ആരോപണം ഉന്നയിച്ചത് മുതലാണ് തനിക്കെതിരെ അക്രമണമുണ്ടാകുന്നത്. ഒരു സർക്കാർ ഓഫീസിൽ എത്തുമ്പോൾ അവിടെയുള്ളവർ പെരുമാറേണ്ട രീതിയെ പറ്റി പറയേണ്ടതില്ലേ. ഈ നാട്ടിൽ തിരുത്തലുണ്ടാകേണ്ടതില്ലേ. മാനസികമായി സുഖമില്ലാത്ത ഒരാളെ അന്വേഷിച്ച് ഇറങ്ങിയതാണ്. അതെന്റെ പ്രവർത്തനത്തിന്റെ ഭാഗമാണ്. കാണാതായ സ്ത്രീയുടെ കുടുംബത്തിന്റെ ഹൃദയവേദനക്കൊപ്പമാണ് നിന്നത്. ബുദ്ധി പൂർവ്വമല്ല ചെയ്തത്. നാളെ ഒരു ആരോപണം ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ ഒന്നിനും തെളിവ് ശേഖരിച്ചിട്ടില്ല. നീതിക്കൊപ്പം നിന്നുവെന്ന ആത്മസംതൃപ്തിയുണ്ട്. തന്നെ ഭീഷണിപ്പെടുത്തുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. തട്ടുകട നടത്തിയാണ് അമ്മ ഉപജീവനമാർഗം തേടുന്നത്. സാമ്പത്തിക ആരോപണം ഉന്നയിക്കുന്നവർ ഇക്കാര്യം കൂടി പരിഗണിക്കണമെന്നും ജ്വാല ആവശ്യപ്പെട്ടു.
അഞ്ചുവർഷത്തെ പൊതുപ്രവർത്തനത്തിന് മേൽ കളങ്കമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. പൊതുമധ്യത്തിൽ വലിച്ചുകീറുന്നു. സാമൂഹ്യപ്രവർത്തനം നടത്തേണ്ട എന്നാണോ പറയുന്നത്. നാളെ ഒരു സ്ത്രീയെ കാണാതായി എന്ന് പറഞ്ഞ് ആരെങ്കിലും വന്നാൽ അവരെ തേടി നടക്കേണ്ടതില്ലേ. നന്മയുടെ വെളിച്ചം തെരുവിൽനിന്ന് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. അന്വേഷണത്തെ കൃത്യമായി നേരിടും. എന്തെല്ലാം പ്രശ്‌നമുണ്ടെങ്കിലും ഈ വിദേശികൾക്കൊപ്പം നിൽക്കും. അവർ പോകുന്നത് വരെ അവർക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുമെന്നും ജ്വാല പറഞ്ഞു.
തെരുവിൽ അലയുന്ന മാനസിക രോഗികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് ജ്വാല എന്നറിഞ്ഞതുകൊണ്ടാണ് ലിഗയുടെ ഭർത്താവ് ആൻഡ്രൂഡ് തങ്ങളെ സമീപിച്ചത്. തന്റെ ഭാര്യ കൊല്ലപ്പെട്ടിരിക്കാമെന്ന വേവലാതിയുമായാണ് ആൻഡ്രൂസ് തങ്ങൾക്കൊപ്പമുണ്ടായിരുന്നത്. ഭാര്യ എവിടെയോ കൊല്ലപ്പെടുന്നുണ്ടെന്ന് ആൻഡ്രൂസ് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ആ വേദനക്കൊപ്പമാണ് നിന്നത്. അതിൽനിന്ന് പിന്നോട്ടുപോകില്ല-അശ്വതി വ്യക്തമാക്കി. 

കോവളത്ത് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ലിത്വാനിയൻ സ്വദേശി ലിഗയുടെ  സഹോദരിയെ സഹായിക്കാനിറങ്ങിയ സാമൂഹ്യ പ്രവർത്തക അശ്വതി ജ്വാലയുടെ പേരിൽ അന്വേഷണം നടത്താൻ ഡി.ജി.പിയാണ് ഉത്തരവിട്ടത്. ലിഗയുടെ സഹോദരി ഇലീസയെ സഹായിക്കാനെന്ന പേരിൽ പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് അന്വേഷണം. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്ക് ലഭിച്ച പരാതി ഐ.ജി മനോജ് എബ്രഹാമിന് കൈമാറുകയായിരുന്നു. കോവളം പനങ്ങോട് സ്വദേശി അനിൽകുമാറാണ് പരാതി നൽകിയത്. 3.8 ലക്ഷം രൂപ അശ്വതി പിരിച്ചെടുത്തെന്നും പരാതിയിലുണ്ട്. അഞ്ചേക്കർ ഭൂമി വാങ്ങാൻ അശ്വതി അഡ്വാൻസ് നൽകിയതിനെ പറ്റി അന്വേഷിക്കണമെന്നും അനിൽകുമാർ നൽകിയ പരാതിയിൽ പറയുന്നു. 

Latest News