Sorry, you need to enable JavaScript to visit this website.

ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിന് ജാമ്യം; മോചനം ഉടനെയില്ല

ന്യൂദല്‍ഹി- പ്രകോപന പ്രസംഗം നടത്തിയെന്നാരോപിച്ച് രാജ്യദ്രോഹക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനുജ് അഗര്‍വാളാണ് ഷര്‍ജീലിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ ഷര്‍ജീലിനെതിരെ നിലനില്‍ക്കുന്ന മറ്റ് കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ജയിലില്‍ തന്നെ തുടരും. 31 മാസമായി കസ്റ്റഡിയില്‍ തുടരുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ സെക്ഷന്‍ 436-എ പ്രകാരം ജാമ്യം തേടിയുള്ള ഷര്‍ജീല്‍ ഇമാമിന്റെ അപേക്ഷ പരിഗണിക്കാന്‍ ദല്‍ഹി ഹൈക്കോടതി വിചാരണ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.
    ജാമ്യം തേടിയുള്ള ഹരജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, സെക്ഷന്‍ 436-എ പ്രകാരം ഷര്‍ജീല്‍ വിചാരണ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. സെക്ഷന്‍ 436-എ പ്രകാരം ഒരു വ്യക്തി വിചാരണ അവസാനിക്കുന്നതിന് മുമ്പ് പരമാവധി ശിക്ഷയുടെ പകുതി വരെ തടവ് അനുഭവിച്ചാല്‍ കോടതിക്ക് ജാമ്യം അനുവദിക്കാം.
    2019 ജനുവരി 16ന് അലിഗഡ്് മുസ്ലിം സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ചതിനാണ് ഷര്‍ജീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. അലിഗഢിലും ജാമിയ മിലിയയിലും മറ്റുമായി നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത് ഷര്‍ജീല്‍ നടത്തിയ പ്രസംഗങ്ങള്‍ രാജ്യത്തെ വിഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നതാണെന്നായിരുന്നു പോലീസിന്റെ ആക്ഷേപം. ദല്‍ഹിയിലെ ജാമിയ നഗറില്‍ അക്രമം നടത്തിയെന്നാരോപിച്ചാണ് ന്യൂ ഫ്രണ്ട്‌സ് കോളനി പോലീസ് സ്റ്റേഷനില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
    പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധങ്ങളില്‍ റോഡ് ഉപരോധിച്ചത് ഷര്‍ജീലിന്റെ നേതൃത്വത്തിലായിരുന്നു. ജനക്കൂട്ടം റോഡിലെ ഗതാഗതം തടസപ്പെടുത്തുകയും പൊതു/സ്വകാര്യ വാഹനങ്ങള്‍ക്കും വസ്തുവകകള്‍ക്കും നാശം വരുത്തുകയും ചെയ്തുവെന്നാണ് പോലീസ് കേസ്. 2019 ഡിസംബര്‍ 13ന് ഇമാം നടത്തിയ പ്രസംഗത്തില്‍ കലാപകാരികള്‍ പ്രകോപിതരാവുകയും പിന്നീട് അക്രമത്തിലേക്ക് നീങ്ങുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ വാദം.

 

Latest News