തിരുവനന്തപുരം- കോവളത്ത് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ലിത്വാനിയൻ സ്വദേശി ലിഗയുടെ സഹോദരിയെ സഹായിക്കാനിറങ്ങിയ സാമൂഹ്യ പ്രവർത്തക അശ്വതി ജ്വാലയുടെ പേരിൽ അന്വേഷണം നടത്താൻ ഡി.ജി.പിയുടെ ഉത്തരവ്. ലിഗയുടെ സഹോദരി ഇലീസയെ സഹായിക്കാനെന്ന പേരിൽ പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് അന്വേഷണം. ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് ലഭിച്ച പരാതി ഐ.ജി മനോജ് എബ്രഹാമിന് കൈമാറുകയായിരുന്നു. കോവളം പനങ്ങോട് സ്വദേശി അനിൽകുമാറാണ് പരാതി നൽകിയത്. 3.8 ലക്ഷം രൂപ അശ്വതി പിരിച്ചെടുത്തെന്നും പരാതിയിലുണ്ട്. അഞ്ചേക്കർ ഭൂമി വാങ്ങാൻ അശ്വതി അഡ്വാൻസ് നൽകിയതിനെ പറ്റി അന്വേഷിക്കണമെന്നും അനിൽകുമാർ നൽകിയ പരാതിയിൽ പറയുന്നു.
ലിഗയെ കാണാതായത് സംബന്ധിച്ച് പരാതി നൽകാനെത്തിയ ലിഗയുടെ ഭർത്താവിനെയും സഹോദരി ഇലീസയെയും മുഖ്യമന്ത്രിയും ഡി.ജി.പിയും പരിഗണിച്ചില്ലെന്നും ഡി.ജി.പി തട്ടിക്കയറിയെന്നും അശ്വതി ജ്വാല ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിയും മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തുകയും ചെയ്തു. അശ്വതി ജ്വാലയെ കള്ളക്കേസിൽ കുടുക്കി അപമാനിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അതിരൂക്ഷമായ ഭാഷയിലാണ് അശ്വതിയെ വിമർശിച്ചത്. ''അശ്വതി സർക്കാരിനെതിരെ ഞെളിഞ്ഞുനിന്ന് വർത്തമാനം പറയുന്നുണ്ടല്ലോ, മുഖ്യമന്ത്രിയെ കാണണമെന്ന് അവർ ആരോടാണ് പറഞ്ഞത്. എന്നോട് പറഞ്ഞോ. പറഞ്ഞിരുന്നെങ്കിൽ ഞാൻ എടുത്തുകൊണ്ടുപോയി കാണിക്കുമായിരുന്നല്ലോ..'' എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ലിഗയുടെ മരണം സൃഷ്ടിച്ച പ്രചാരണങ്ങൾ ടൂറിസം മേഖലയെ ദോഷകരമായി ബാധിച്ചിട്ടുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരം പറയുന്നതിനിടെയാണ് മന്ത്രി പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയത്.