ഉജ്ജയിന്‍- മാധ്യപ്രദേശില്‍ സ്ത്രീയും കാമുകനും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍മക്കളെ വില്‍പന നടത്തയതായി കേസ്. ഉജ്ജയിനിലാണ് 42 കാരിയായ സ്ത്രീക്കും കാമുകനുമെതിരെ പോലീസ് കേസെടുത്തത്. 12, 14, 16 വയസ്സുള്ള മൂന്ന് പെണ്‍കുട്ടികളെയാണ് ഇവര്‍ വിറ്റത്.
വാങ്ങിയവരില്‍നിന്ന് രക്ഷപ്പെട്ട് കുട്ടികള്‍
മുത്തച്ഛന്റെ അടുത്ത് എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് വില്‍പ്പനയെക്കുറിച്ച് പോലീസില്‍ അറിയിക്കുകയായിരുന്നു.
പെണ്‍കുട്ടികളെ വാങ്ങിയ മൂന്ന് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നും കേസിലെ അഞ്ച് പ്രതികളും ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
രേവ നഗരത്തില്‍ വെച്ചാണ് 42 കാരിയും യുവാവും കണ്ടുമുട്ടിയതും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതും. തുടര്‍ന്ന് സ്ത്രീയേയും മക്കളെയും ഉജ്ജയിനിലെ ടിപ്പു ഖേഡി പ്രദേശത്തേക്ക് മാറ്റി.
രണ്ട് മുതിര്‍ന്ന കുട്ടികളെ രാജസ്ഥാന്‍ സ്വദേശികള്‍ക്ക് നാല് ലക്ഷം രൂപ വീതം ഈടാക്കിയാണ് ദമ്പതികള്‍ വില്‍പന നടത്തിയതെന്ന് മഹിദ്പൂര്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ ആര്‍.കെ റായ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 12 വയസ്സുള്ള ഇളയകുട്ടിയെ 1.75 ലക്ഷം രൂപയ്ക്ക് രാജസ്ഥാനിലെ മറ്റൊരാള്‍ക്ക് വിറ്റു. ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതായും പറയുന്നു.
കേസിലെ അഞ്ച് പ്രതികള്‍ക്കെതിരെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മനുഷ്യക്കടത്ത്, കൂട്ടബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമവും ചുമത്തിയിട്ടുണ്ട്.