ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജന്‍ ഖാര്‍ഗെ ഇന്ന് പത്രിക നല്‍കും. ഇന്ന് വൈകിട്ട് മൂന്നിനാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കുന്നത്. ഖാര്‍ഗെക്കു പുറമെ, ശശി തരൂരും ദിഗ് വിജയ് സിംഗും മത്സര രംഗത്തുണ്ടാകുമെന്നാണ് സൂചന. വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ ഫലപ്രഖ്യാപനം ഒക്ടോബര്‍ 19 നായിരിക്കും.
ഗാന്ധി കുടുംബത്തില്‍നിന്ന് ആരും മത്സരിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കെ, 25 വര്‍ഷത്തിനുശേഷം കോണ്‍ഗ്രസിന് ഗാന്ധി ഇതര അധ്യക്ഷനുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. വിമതരായി കണക്കാക്കുന്ന ജി-23 യിലെ ഏതാനും നേതാക്കള്‍ കഴിഞ്ഞ ദിവസം ആനന്ദ് ശര്‍മയുടെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു. മുന്‍ കേന്ദ്ര മന്ത്രി മനീഷ് തിവാരി, മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍, മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. ഗ്രൂപ്പില്‍നിന്ന് ഒരാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മനീഷ് തിവാരിയായിരിക്കും മത്സരിക്കുകയെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.