പട്‌ന- ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ കത്ര ബ്ലോക്കില്‍ സ്ഥിതി ചെയ്യുന്ന സൊഹാഗ്പൂര്‍ എന്ന ഗ്രാമത്തിന് കഴിഞ്ഞ ദിവസം ഉത്സവച്ഛായയായിരുന്നു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് ആദ്യമായി ഒരാള്‍ക്ക് ഈ ഗ്രാമത്തില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചു എന്നതാണ് കാരണം. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും, പാട്ടും, നൃത്തവുമായി ഗ്രാമവാസികള്‍ ആഘോഷം പൊടിപൊടിച്ചു. രാകേഷ് കുമാര്‍ എന്ന 25കാരനാണ് സൊഹാഗ്പൂരിലെ ആദ്യ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. പ്രൈമറി സ്‌കൂളില്‍ അദ്ധ്യാപകനായിട്ടാണ് ഇദ്ദേഹത്തിന് ജോലി ലഭിച്ചത്.
കഴിഞ്ഞ 75 വര്‍ഷമായി എന്റെ ഗ്രാമത്തില്‍ നിന്ന് ആര്‍ക്കും സര്‍ക്കാര്‍ ജോലി നേടാന്‍ കഴിഞ്ഞില്ല. ഈ റെക്കാഡ് തകര്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ചു, ജോലി ലഭിച്ച രാകേഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഏറെ ബുദ്ധിമുട്ടിയാണ് രാകേഷ് ഈ നേട്ടം സ്വന്തമാക്കിയത്. 19 വയസുള്ളപ്പോള്‍ പിതാവിനെ നഷ്ടപ്പെട്ടു. വിദ്യാഭ്യാസത്തിന് പണം കണ്ടെത്താനായി കുട്ടികളെ പഠിപ്പിക്കാന്‍ തുടങ്ങി. സര്‍ക്കാര്‍ ജോലി നേടുക എന്നതായിരുന്നു തന്റെ ഏക സ്വപ്നമെന്നും രാകേഷ് പറയുന്നു.