പട്‌ന- പൊതുപരിപാടിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പ്രതികരിച്ച് വിവാദം സൃഷ്ടിച്ച മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥയും ബിഹാര്‍ വനിതാ ശിശു വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറുമായ ഹര്‍ജോത് കൗര്‍ ബംറ മാപ്പ് പറഞ്ഞു.
ഒരു കത്തിലാണ് ബംറ 'ശശക്ത് ബേട്ടി സമൃദ്ധ് ബിഹാര്‍' പരിപാടിയുടെ പ്രയോജനം വിശദീകരിക്കുകയും പെണ്‍കുട്ടികളോട് ക്ഷമ ചോദിക്കുകയും ചെയ്തത്. എന്റെ പ്രസ്താവനയില്‍ ഏതെങ്കിലും പെണ്‍കുട്ടിക്ക് വേദന തോന്നിയെങ്കില്‍ ഞാന്‍ അവരോട് ക്ഷമ ചോദിക്കുന്നു-അവര്‍ പറഞ്ഞു.
വിഷയം ശ്രദ്ധയില്‍പ്പെട്ട ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
സ്‌കൂള്‍ ഡ്രസ്സും സ്‌കോളര്‍ഷിപ്പും സൈക്കിളും മറ്റു പല സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് 20 മുതല്‍ 30 രൂപയ്ക്ക് സാനിറ്ററി പാഡുകള്‍ നല്‍കാന്‍ കഴിയില്ലേ എന്ന് ഒരു വിദ്യാര്‍ഥിനി ബംറയോട് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടിയാണ് വിവാദമായത്. ഈ ചോദ്യത്തിന് ആളുകള്‍ കൈയടിക്കുകയാണെന്നും എന്നാല്‍ ഇത് അനന്തമായ ആവശ്യങ്ങളാണെന്നും അവര്‍ പറഞ്ഞു.
ഇന്ന്, സര്‍ക്കാര്‍ നിങ്ങള്‍ക്ക് 20 മുതല്‍ 30 രൂപ വരെ സാനിറ്ററി പാഡുകള്‍ നല്‍കും. അതിനുശേഷം നിങ്ങള്‍ ജീന്‍സും പാന്റും പിന്നെ മനോഹരമായ ഷൂസും ആവശ്യപ്പെടുന്നു. കുടുംബാസൂത്രണത്തിന്റെ കാര്യം വരുമ്പോള്‍, സര്‍ക്കാര്‍ നിങ്ങള്‍ക്ക് കോണ്ടം കൂടി നല്‍കേണ്ടി വരുമോ. സര്‍ക്കാരില്‍ നിന്ന് എല്ലാം സൗജന്യമായി ചോദിക്കുന്ന ശീലം നല്ലതല്ല-അവര്‍ പറഞ്ഞു. തങ്ങളുടെ വോട്ടിനുവേണ്ടിയാണ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതെന്ന് വിദ്യാര്‍ത്ഥിനി തിരിച്ചടിച്ചു. ഇത് വമ്പന്‍ മണ്ടത്തരമാണെന്നും നിങ്ങള്‍ വോട്ട് ചെയ്യേണ്ടെന്നും പാകിസ്ഥാനിലേക്ക് പോയിക്കോളൂ എന്നും അവര്‍ പറഞ്ഞു.
താന്‍ ഇന്ത്യക്കാരിയാണെന്നും എന്തിനും പാകിസ്ഥാനിലേക്ക് പോകണമെന്നും വിദ്യാര്‍ത്ഥിനി തിരിച്ചു ചോദിച്ചു.
നികുതിദായകരുടെ പണത്തില്‍ നിന്നാണ് സര്‍ക്കാര്‍ സൗകര്യങ്ങള്‍ നല്‍കുന്നത്. നികുതി നല്‍കുന്നവര്‍ക്ക് എന്തുകൊണ്ട് സേവനങ്ങള്‍ ചോദിച്ചുകൂടെന്നും വിദ്യാര്‍ഥിനി പ്രതികരിച്ചു.
സ്‌കൂളിലെ പെണ്‍കുട്ടികളുടെ ടോയ്‌ലറ്റില്‍ ആണ്‍കുട്ടികളും കയറുന്നുവെന്നും ഇത് അസൗകര്യം ഉണ്ടാക്കുന്നുവെന്നുമാണ് മറ്റൊരു വിദ്യാര്‍ഥിനി പരാതിപ്പെട്ടത്. ഈ സമയം ഹാളിലുള്ള എല്ലാ വിദ്യാര്‍ത്ഥിനികള്‍ക്കും വീട്ടില്‍ പ്രത്യേക ടോയ്‌ലറ്റുകള്‍ ഉണ്ടോ എന്നായിരുന്നു ബംറയുടെ ചോദ്യം.