കാണ്‍പൂര്‍- ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഹോസ്റ്റല്‍ കെട്ടിടത്തിലെ ജീവനക്കാരന്‍ തങ്ങള്‍ കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന പരാതിയുമായി വിദ്യാര്‍ഥിനികള്‍.
സായ് നിവാസ് ഗേള്‍സ് ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികള്‍ കുളിക്കുന്നതിന്റെ വീഡിയോകള്‍ ഹോസ്റ്റല്‍ ജീവനക്കാരന്റെ ഫോണില്‍ കണ്ടെടുത്തു. സംഭവത്തില്‍ ലോക്കല്‍ പോലീസ് നടപടി സ്വീകരിക്കാത്തതില്‍ വിദ്യാര്‍ഥിനികള്‍ പ്രതിഷേധിച്ചു.
ഉന്നത അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ഒരു വിദ്യാര്‍ഥിനി പോലീസ് സ്‌റ്റേഷന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, അതേസമയം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ജീവനക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മൊബൈല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
പഞ്ചാബിലെ മൊഹാലിയിലെ ചണ്ഡീഗഡ് സര്‍വകലാശാലയില്‍ സമാന സംഭവം രാജ്യവ്യാപകമായി കോലാഹലം ഉയര്‍ത്തിയിരുന്നു.