ന്യൂദല്‍ഹി- പതിനേഴാം നൂറ്റാണ്ടില്‍ മുഗല്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മ്മിച്ച ദല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയുടെ നടത്തിപ്പ് ഇനി കോര്‍പറേറ്റ് കമ്പിയായ ഡാല്‍മിയ ഭാരത് ഗ്രൂപ്പിന് സ്വന്തം. പൈതൃക കേന്ദ്രങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ദത്ത് നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി പ്രകാരമാണ് ഡാല്‍മിയ ചെങ്കോട്ട സ്വന്തമാക്കിയത്. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണിത്. 25 കോടി രൂപയുടെ കരാര്‍ പ്രകാരം അഞ്ചു വര്‍ഷത്തേക്ക് ഇനി ചെങ്കോട്ടയുടെ ഭരണം ഡാല്‍മിയ ഗ്രൂപ്പിനായിരിക്കും. പൈതൃക സ്മാരകങ്ങള്‍ ദത്ത് നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി പ്രകാരം ചെങ്കോട്ട സ്വന്തമാക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ്, ജിഎംആര്‍ ഗ്രൂപ്പ് എന്നിവരും മത്സരത്തിനുണ്ടായിരുന്നു.
ടൂറിസം മന്ത്രാലയം, സാംസ്‌കാരിക മന്ത്രാലയം, ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ എന്നിവരുമായി ഡാല്‍മിയ ഗ്രൂപ്പ് ഏപ്രില്‍ ഒമ്പതിനു ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവച്ചിരുന്നെങ്കിലും ഏപ്രില്‍ 25-നാണ് ഈ വിവരം കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിട്ടത്. ചരിത്ര സ്മാരകങ്ങളും പൈതൃക കേന്ദ്രങ്ങളും കൂടുതല്‍ മികവോടെ പരിപാലിക്കാനും സംരക്ഷിക്കാനും കോര്‍പറേറ്റ് കമ്പനികള്‍ക്കു വിട്ടു നല്‍കുക എന്ന നരേന്ദ്ര മോഡി സര്‍ക്കാരിന്റെ പദ്ധതി പ്രകാരമാണിത്. കരാര്‍ പ്രകാരം ചെങ്കോട്ടയുടേയും പരിസരപ്രദേശങ്ങളുടെയും മുഖം ഡാല്‍മിയ ഗ്രൂപ്പ് രണ്ടു വര്‍ഷത്തിനകം അടിമുടിമാറ്റും. ഒരു മാസത്തിനുള്ളില്‍ ജോലി ആരംഭിക്കേണ്ടതുമുണ്ട്. ആദ്യഘട്ടത്തില്‍ അഞ്ചു വര്‍ഷത്തേക്കാണ് നടത്തിപ്പ അവകാശം ലഭിക്കുകയെങ്കിലും പരസ്പര ധാരണയോടെ കാലാവധി നീട്ടാവുന്ന തരത്തിലാണ കരാര്‍.
ഉടന്‍ ആരംഭിക്കേണ്ട മിനുക്കുപണികള്‍ സംബന്ധിച്ച് ഡാല്‍മിയ ഗ്രൂപ്പ് ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. മേയ് 23-നു തന്നെ പണികളാരംഭിക്കാനാണു കമ്പനിയുടെ തീരുമാനം. ഇതിനു ശേഷം പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനായി കുറച്ചു ദിവസത്തേക്ക് താല്‍ക്കാലികമായി സര്‍ക്കാരിനു വിട്ടു നില്‍കും. ഇതിനു മുമ്പായി പുതിയ രാത്രി ലൈറ്റിംഗ് സംവിധാനം സ്ഥാപിക്കുമെന്ന് ഡാല്‍മിയ ഗ്രൂപ്പ് വൃത്തങ്ങള്‍ പറഞ്ഞു. സംഗീത, നൃത്ത പരിപാടികള്‍, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങി സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ വ്യത്യസ്ത പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്ന് കമ്പനി അറിയിച്ചു. മുഖംമാറുന്ന ചെങ്കോട്ടയുടെ പരസ്യങ്ങളും താമസിയാതെ ഡാല്‍മിയ ഗ്രൂപ്പിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും.