പ്രയാഗ്‌രാജ്-കാശി വിശ്വനാഥ ക്ഷേത്രം-ഗ്യാന്‍വാപി മസ്ജിദ് കോംപ്ലക്‌സില്‍ സര്‍വേ നടത്താനുള്ള ഉത്തരവിന് ഏര്‍പ്പെടുത്തിയ സ്റ്റേ അലഹബാദ് ഹൈക്കോടതി ഒക്ടോബര്‍ 31 വരെ നീട്ടി.
സര്‍വേ നടത്തുന്നതിന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് (എ.എസ്.ഐ) നിര്‍ദേശം നല്‍കിയ ഉത്തരവിനും തുടര്‍ നടപടികള്‍ക്കുമാണ് സ്റ്റേ. കേസില്‍ വാദം കേട്ട ജസ്റ്റിസ് പ്രകാശ് പാഡിയ അടുത്ത വാദം കേള്‍ക്കല്‍ ഒക്ടോബര്‍ 18 ലേക്ക് മാറ്റി. 2021 ഏപ്രില്‍ എട്ടിന് വാരണാസി കോടതി പുറപ്പെടുവിച്ച ഉത്തരവ് ഈ മാസം 30 വരെ നേരത്തെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.
1991 ല്‍ വാരാണസി ജില്ലാ കോടതിയില്‍ ഫയല്‍ ചെയ്ത ഹരജി നിലനില്‍ക്കുന്നതല്ലെന്നാണ് ഗ്യാന്‍വാപി പള്ളി പരിപാലിക്കുന്ന അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റിയുടെ വാദം.
ഇപ്പോള്‍ മസ്ജിദ് നിലനില്‍ക്കുന്ന സ്ഥലത്തേക്ക് കൂടി പുരാതന കാശി വിശ്വനാഥ ക്ഷേത്രം വ്യാപിപ്പിക്കണമെന്നായിരുന്നു ആദ്യത്തെ ഹരജി. പള്ളി ക്ഷേത്രത്തിന്റെ ഭാഗമാണെന്നും ഹരജിക്കാര്‍ അവകാശപ്പെട്ടു. വിഷയം ദേശീയ പ്രാധാന്യമുള്ളതിനല്‍ പത്ത് ദിവസത്തിനകം വ്യക്തിപരമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് എ.എസ്.ഐ ഡയറക്ടര്‍ ജനറലിനോട് ഈ മാസം 12ന് ജസ്റ്റിസ് പാഡിയ ആവശ്യപ്പെട്ടിരുന്നു.