അണ്ഡാശയത്തിലെ ചെറിയൊരു മുഴ നീക്കാന്‍ ശസ്ത്രക്രിയയ്ക്ക് കൊണ്ടുവന്ന യുവതിയെ ഡോക്ടര്‍മാര്‍ ജീവനോടെ എംബാം ചെയ്തു. പടിഞ്ഞാറന്‍ റഷ്യയിലെ യൂലിനോസ്‌ക് ആശുപത്രിയിലാണ് ഡോക്ടര്‍മാരുടെ ഗുരുതരമായ പിഴവുകൊണ്ടു യുവതിയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. അണ്ഡാശയത്തിലെ മുഴ നീക്കം ചെയ്യാനാണ് 27 കാരിയായ എക്കാത്തറീന ഫെദ്യേവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫോര്‍മാലിന്‍ മാറി ഉപയോഗിച്ച് ഡോക്ടര്‍മാര്‍ അവളുടെ ജീവനുള്ള ശരീരത്തെ ജീവനോടെ എംബാം ചെയ്യുകയായിരുന്നു.
മരുന്നായി സലൈന്‍ ലായനി നല്‍കുന്നതിന് പകരം ഫെദ്യേവയ്ക്ക് ഫോര്‍മാലിന്‍ ആണ് നല്‍കിയിരുന്നത്. സാധാരണ മൃതദേഹങ്ങള്‍ എംബാം ചെയ്യാനാണ് ഫോര്‍മാലിന്‍ ഉപയോഗിക്കാറുള്ളത്. അപകടം ശ്രദ്ധയില്‍പ്പെട്ട ഉടനെ ഫെദ്യേവയുടെ വയറ് വൃത്തിയാക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നു. ആന്തരികാവയവങ്ങളെല്ലാം പ്രവര്‍ത്തന രഹിതമായതിനെത്തുടര്‍ന്ന് ഫെദ്യേവ മരണത്തിന് കീഴടങ്ങി. ലേബല്‍ വായിക്കാതെ ആശുപത്രി ജീവനക്കാര്‍ മിശ്രിതം ഉപയോഗിച്ചതാണ് ദുരന്തത്തിന് വഴിവെച്ചത്. ഗുരുതരമായ അശ്രദ്ധയാണ് സംഭവത്തിന് കാരണമായത്. സംഭവം റഷ്യന്‍ ന്യൂസ് ഏജന്‍സി ടാസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം തങ്ങള്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് അവള്‍ കണ്ണ് തുറന്നിരുന്നു. പക്ഷെ ഉള്ളില്‍ പ്രവേശിച്ച വിഷത്തെ അവളുടെ ശരീരത്തിന് പുറന്തള്ളാനായില്ല. ഡോക്ടര്‍മാര്‍ അക്ഷരാര്‍ഥത്തില്‍ അവളെ ജീവനോടെ എംബാം ചെയ്യുകയായിരുന്നുവെന്ന് ഫദ്യേവയുടെ ഭര്‍തൃ മാതാവായ വാലന്റീന ഫെദ്യേവ പറഞ്ഞു.സംഭവം ലോക വ്യാപകമായി വാര്‍ത്തയായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.