Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ മകളുടെ കല്യാണത്തിനെതിരെ പ്രസംഗിച്ചതിന് വേട്ടയാടുന്നു -അബ്ദുറഹ്മാൻ കല്ലായി

കണ്ണൂർ- മുഖ്യമന്ത്രിയുടെ മകളെ മന്ത്രി മുഹമ്മദ് റിയാസ് കല്യാണം കഴിച്ചതിനെതിരെ പ്രസംഗിച്ചതിന് തന്നെ അഴിമതിക്കേസിൽ കുടുക്കി വേട്ടയാടുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ മാൻ കല്ലായി പറഞ്ഞു.
റിയാസിന്റെ വിവാഹത്തെപ്പറ്റി താൻ പറഞ്ഞത് മതശാസനയാണ്. അന്നത്തെ പ്രസംഗം തെറ്റാണെന്ന തോന്നൽ ഇല്ല. അതേസമയം റിയാസിന്റെ പേര് പറയേണ്ടിയിരുന്നില്ല എന്ന് പാർട്ടി പറഞ്ഞതും താൻ ഉൾകൊണ്ടിട്ടുണ്ട്.
 മട്ടന്നൂർ ജുമാ മസ്ജിദ് അഴിമതി ആരോപണം തെളിയിച്ചാൽ പൊതുപ്രവർത്തനം നിർത്തും. അഴിമതി ആരോപണം രാഷ്ട്രീയമായുള്ള കരുനീക്കമാണ്. ഈ വിഷയത്തിൽ ഇടപെടാൻ സി.പി.എമ്മിലെ എല്ലാ നേതാക്കൾക്കും താൽപര്യമില്ല. എന്നാൽ എം. വി. ജയരാജൻ പ്രത്യേക താൽപര്യം കാണിക്കുന്നു. ആരോപണം നിയമ പരമായി നേരിടും. പള്ളിയുടെ പുനർനിർമാണവും പിരിവും വഖഫിന്റെ അനുമതി ഇല്ലാതെ, കമ്മിറ്റി തീരുമാനപ്രകാരമായിരുന്നുവെന്നും അബ്ദു റഹ്മാൻ കല്ലായി പറഞ്ഞു.
മട്ടന്നൂരിലെ പള്ളി നിർമാണത്തിൽ ഏഴ് കോടിയുടെ അഴിമതി നടത്തിയെന്ന കള്ളക്കേസിൽ തന്നെ കുടുക്കാൻ ലീഗിലെ ചിലരും രംഗത്തുണ്ട്. വലം കൈയായി നിന്ന മട്ടന്നൂരിലെ നേതാവാണ് ചതിച്ചതെന്നും കല്ലായി പറഞ്ഞു. മട്ടന്നൂർ ജുമാ മസ്ജിദ് നിർമാണത്തിൽ അഴിമതിയെന്ന പരാതിയിലാണ് മുസ്‌ലിം ലീഗ് സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിയെ അറസ്റ്റ് ചെയ്തത്.
മട്ടന്നൂർ ടൗൺ ജുമുഅ മസ്ജിദിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട്
മൂന്ന് കോടി ചിലവായ നിർമാണത്തിന് പത്ത് കോടി രൂപയോളമാണ് കണക്കിൽ കാണിച്ചതെന്ന് പരാതിയിൽ പറയുന്നു. കണക്കിൽ കാണിച്ച തുകയ്ക്ക് ബില്ലുകളോ വൗച്ചറുകളോ ഇല്ല. കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതിലും വെട്ടിപ്പ് നടന്നുവെന്ന് ആരോപണമുണ്ട്. ജമാഅത്ത് കമ്മിറ്റി ജനറൽ ബോഡി അംഗം മട്ടന്നൂർ നിടുവോട്ടുംകുന്നിലെ എം.പി. ശമീറിന്റെ പരാതിയിലാണ് മട്ടന്നൂർ മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുറഹ്മാൻ കല്ലായി, നിലവിലെ മഹല്ല് കമ്മിറ്റി പ്രസിഡന്റ് എം.സി. കുഞ്ഞമ്മദ്, മഹല്ല് കമ്മിറ്റി സെക്രട്ടറി യു. മഹറൂഫ് എന്നിവരുടെ പേരിൽ കേസെടുത്തത്.

Latest News