മംഗളൂരു- കര്‍ണാടകയില്‍ കാമ്പസ് ഫ്രണ്ട് ഉയര്‍ത്തിക്കൊണ്ടുവന്ന ഹിജാബ് വിവാദവും പോപ്പലുര്‍ ഫ്രണ്ടിനേയും അനുബന്ധ സംഘടനകളേയും നിരോധിക്കാന്‍ കാരണമാണെന്ന് ബി.ജെ.പി എം.എല്‍.എ രഘുപതി ഭട്ട് അവകാശപ്പെട്ടു.
പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി വിഭാഗമായ കാമ്പസ് ഫ്രണ്ടിനെതിരെ ആവശ്യമായ എല്ലാ തെളിവുകളും തങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയിരുന്നുവെന്ന് അദ്ദേഹം ഉഡുപ്പിയില്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. ഇപ്പോള്‍ കാമ്പസ് ഫ്രണ്ടിന് നിരോധമായതോടെ ഹിജാബ് വിഷയം കാമ്പസുകളില്‍ ഇല്ലാതാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉഡുപ്പിയിലെ ഗവണ്‍മെന്റ് വനിതാ പി.യു കോളേജില്‍ ആദ്യം ഹിജാബ് വിഷയം ഉന്നയിച്ച വിദ്യാര്‍ഥിനികള്‍ കാമ്പസ് ഫ്രണ്ടില്‍ ചേര്‍ന്ന ശേഷമാണ് ട്വിറ്റര്‍ അക്കൗണ്ടുകള്‍ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കാമ്പസ് ഫ്രണ്ടില്ലെങ്കില്‍ ഹിജാബ് വിവാദമില്ലെന്നും പെണ്‍കുട്ടികള്‍ക്ക് രഹസ്യ കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കിയാണ് വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും എം.എല്‍.എ ആരോപിച്ചു. ഹിജാബ് വിവാദം അന്താരഷ്ട്ര വിഷയമാക്കിയതിലും കാമ്പസ് ഫ്രണ്ടിന് പങ്കുണ്ട്. ഇവരുടെ കാമ്പയിന്‍ പാക്കിസ്ഥാനില്‍ ചര്‍ച്ച ആയെന്നും പ്രക്ഷോഭം ശക്തമാക്കാന്‍ വിദേശത്തുനിന്ന് പണം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നിരോധത്തിനു പിന്നില്‍ ആര്‍.എസ.്എസാണെന്ന ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് കേന്ദ്ര തീരുമാനത്തിന്റെ കാരണങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയാമെന്നായിരുന്നു മറുപടി. പി.എഫ്.ഐയെ നിരോധിച്ചതിന് വലിയ വിഭാഗം മുസ്ലിംകള്‍ സ്വാഗതം ചെയ്യുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.