Sorry, you need to enable JavaScript to visit this website.

കൊണ്ടോട്ടിയില്‍ 80 ലക്ഷത്തിന്റെ മയക്കുമരുന്നുമായി ലഹരി കടത്ത് സംഘം പിടിയില്‍

കൊണ്ടോട്ടിയില്‍ 80 ലക്ഷത്തിന്റെ മയക്കുമരുന്നുമായി ലഹരി കടത്ത് സംഘം പിടിയില്‍ കൊണ്ടോട്ടി- വിപണിയില്‍ 80 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി അന്തര്‍സംസ്ഥാന ലഹരികടത്ത് സംഘത്തിലെ അഞ്ച് പേര്‍ കൊണ്ടോട്ടിയില്‍ അറസ്റ്റിലായി. വണ്ടൂര്‍ വാണിയമ്പലം കുറ്റിയില്‍ മാട്ടറ വീട്ടില്‍  സജിന്‍(40), മുണ്ടേങ്ങാടന്‍ സുധീര്‍ ബാബു (41), വലശ്ശേരി മുഹമ്മദ് റാഫി (35) എറണാംകുളം പള്ളുരുത്തി വലിയകത്ത് ഫര്‍ഹാന്‍ (22), ഫോര്‍ട്ട് കൊച്ചി  കാവത്തി മനയത്ത് വീട്ടില്‍ തൗഫീഖ്(27) എന്നിവരാണ് അറസ്റ്റിലായത്.
ബാംഗ്ലൂരില്‍നിന്നു ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് വില്പനക്കായി കൊണ്ടുന്ന മാരക മയക്കു മരുന്നായ 100 ഗ്രാം എം.ഡി.എം ഇവരില്‍നിന്നു പിടികൂടി. ഇന്നലെ പുലര്‍ച്ചെയാണ് കൊണ്ടോട്ടി മൊറയൂര്‍ ഹില്‍ ടോപ്പില്‍നിന്നു കാറില്‍ കടത്തുകയായിരുന്ന ലഹരി മരുന്നുമായി എന്നിവരെ കൊണ്ടോട്ടി പോലീസ് പിടികൂടിയത്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും പിടികൂടിയിട്ടുണ്ട്.
വണ്ടൂര്‍ വാണിയമ്പലം സ്വദേശിയായ സജിന്റെ നേതൃത്വത്തിലുള്ള  സംസ്ഥാന ലഹരി കടത്ത് സംഘമാണ് പിടിയിലായത്. വണ്ടൂരില്‍ ഹോം സിറാമിക്‌സ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് ബാംഗ്ലൂരില്‍നിന്നു ഒരു വര്‍ഷത്തോളമായി  ലഹരി കടത്തിയിരുന്നത്. എറണാംകുളം ഫോര്‍ട്ട് കൊച്ചി കേന്ദ്രീകരിച്ചും ഇവര്‍ ലഹരി വില്പന നടത്തി വരുന്നുണ്ട്. ഇവരെ ചോദ്യം ചെയ്തതില്‍ ജില്ലക്കകത്തും  പുറത്തുമുള്ള നിരവധി ലഹരിക്കടത്തു സംഘങ്ങളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണ്. കൂടുതല്‍ അന്വോഷണത്തിനും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈ.എസ്.പി അഷറഫ്, കൊണ്ടോട്ടി സബ് ഇന്‍സ്പക്ടര്‍ നൗഫല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കള്ളക്കടത്ത് പിടികൂടിയത്.

 

Latest News