Sorry, you need to enable JavaScript to visit this website.

പിഎഫ്‌ഐ നിരോധനം: മുഖ്യമന്ത്രി  യോഗം വിളിച്ചു, കേരളത്തില്‍ സുരക്ഷ കൂട്ടി

തിരുവനന്തപുരം- പോപ്പുലര്‍ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതില്‍ കരുതലോടെ കേരളം. സര്‍ക്കാരോ സര്‍ക്കാരിനെ നയിക്കുന്ന സിപിഎം കേന്ദ്രങ്ങളോ ഉന്നത ഉദ്യോഗസ്ഥരോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. അതേസമയം നിരോധനത്തിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പിഎഫ്‌ഐ സ്വാധീന മേഖലകളില്‍ പ്രത്യേകിച്ചും. അതേസമയം വിഷയത്തോട് കരുതലോടെയാണ് സിപിഎം കേന്ദ്രങ്ങളുടേയും പ്രതികരണം. പിഎഫ്‌ഐ നിരോധനത്തില്‍, പാര്‍ട്ടി നിലപാട് കേന്ദ്ര കമ്മറ്റി പ്രഖ്യാപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു. നിരോധനം കൊണ്ട് കാര്യമില്ലെന്ന മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് ഗോവിന്ദന്‍ പറഞ്ഞു. വര്‍ഗീയതയ്ക്ക് എതിരെയാണെങ്കില്‍ ഒരു സംഘടനയെ മാത്രം നിരോധിച്ചത് കൊണ്ട് കാര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. വിഷയത്തില്‍ ആലോചിച്ച ശേഷം പ്രതികരിക്കാമെന്ന് പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ വ്യക്തമാക്കി. നിലപാട് പറയാന്‍ അല്‍പസമയത്തിനകം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളെ കാണും.
 

Latest News