ബെയ്ജിംഗ്- ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങുമായി ആരംഭിച്ച അനൗപചാരിക സംഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നിറഞ്ഞ സംതൃപ്തി. അനൗപചാരിക ചര്‍ച്ച എല്ലാ വര്‍ഷവും നടത്തണമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം അടുത്ത കൂടിക്കാഴ്ച ഇന്ത്യയിലാകാമെന്നും നിര്‍ദേശിച്ചു. ചൈനീസ് പ്രസിഡന്റിനെ മോഡി ക്ഷണിക്കുകയും ചെയ്തു.
ചൈനീസ് പ്രവിശ്യയായ ഹുബെയുടെ തലസ്ഥാനമായ വുഹാന്‍ പട്ടണത്തിലാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മോഡിക്ക് ഷി ചിന്‍പിംഗ് ഹൃദ്യമായ വരവേല്‍പ് നല്‍കി. മോഡിക്ക് സ്വാഗതമോതാന്‍ ഹുബെ പ്രവിശ്യാ മ്യൂസിയത്തില്‍ ആകര്‍ഷകമായ സാംസ്‌കാരിക പരിപാടികള്‍ ഒരുക്കിയിരുന്നു. ഇരു നേതാക്കള്‍ തമ്മിലുള്ള ആദ്യ അനൗപചാരിക സംഭാഷണത്തില്‍ രണ്ട് പരിഭാഷകര്‍ മാത്രമാണ് സംബന്ധിച്ചത്.
ഇരുരാജ്യങ്ങളിലേയും ആറു വീതം പ്രതിനിധികള്‍ സംബന്ധിച്ച പ്രതിനിധി തല ചര്‍ച്ചക്കുശേഷമാണ് മ്യൂസിയം ചുറ്റിക്കാണുന്നതിനായി മോഡിയും ഷിയും പുറപ്പെട്ടത്.
ആഗോളതലത്തില്‍ രണ്ട് വന്‍ ശക്തികളായ ഇന്ത്യക്കും ചൈനക്കും നിര്‍വഹിക്കാനുള്ള നേതൃപരമായ പങ്കിനെ കുറിച്ചാണ് പ്രതിനിധിതല ചര്‍ച്ചയില്‍ മോഡി ഊന്നിപ്പറഞ്ഞത്. കഴിഞ്ഞ 1600 വര്‍ഷങ്ങളില്‍ ഇന്ത്യയും ചൈനയും ചേര്‍ന്നാണ് ആഗോള സമ്പദ്ഘടനയുടെ 50 ശതമാനവും സംഭാവന ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ആഗോള സ്ഥിരതക്കുവേണ്ടി ഇരു രാജ്യങ്ങളും യോജിച്ച് പ്രവര്‍ത്തിക്കണമന്ന് പ്രസിഡന്റ് ഷി ഉണര്‍ത്തി.
മികച്ച ആശയവിനിയം, പൊതു കാഴ്ചപ്പാട്, ശക്തമായ ബന്ധം തുടങ്ങി ഉഭയകക്ഷി ബന്ധം ദൃഡമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി മോഡി മുന്നോട്ടുവെച്ചു.
ഇരു നേതാക്കളും ഇന്ന് കൂടുതല്‍നേരം അനൗപചാരിക സംഭാഷണത്തിനു നീക്കിവെക്കുമെന്നാണ് കരുതുന്നത്. ബോട്ട് സവാരി നടത്തുന്ന ഇരുവരും കിഴക്കന്‍ തടാകക്കരയില്‍ സമയം ചെലവഴിക്കും. നേരത്തെ നടത്തിയ ഉച്ചകോടികളിലൂടെ മെച്ചപ്പെട്ടുതുടങ്ങിയ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കുകയാണ് ലക്ഷ്യം. കൂടിക്കാഴ്ചക്കുശേഷം സംയുക്ത പ്രഖ്യാപനമുണ്ടാവില്ല.
ദോക് ലായില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈന്യം മുഖാമുഖം നിന്നതും യുദ്ധസാഹചര്യത്തിലേക്ക് നീങ്ങിയതും വലിയ ആശങ്കക്ക് കാരണമായിരുന്നു. 73 ദിവസം നീണ്ടുനിന്നിരുന്ന സംഘര്‍ഷത്തില്‍ അയവുവന്ന് മാസങ്ങള്‍ക്കുശേഷമാണ് പ്രതീക്ഷ ഉയര്‍ത്തുന്ന നേതാക്കളുടെ ചര്‍ച്ച. പാക്കധീന കശ്മീരിലൂടെ നിര്‍മിക്കുന്ന ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പരമാധികാരത്തെ ബാധിക്കുമെന്ന ആശങ്ക ഇന്ത്യ ഉന്നയിച്ചിരുന്നു. ആണവ വിതരണ ഗ്രൂപ്പില്‍ പ്രവേശിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനു തടയിട്ട ചൈന മസൂദ് അസ്ഹറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കാനുള്ള നീക്കത്തെയും എതിര്‍ത്തിരുന്നു.