ന്യൂദല്‍ഹി-കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ കണ്ടെത്തി. ദല്‍ഹി പോലീസിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് യൂണിറ്റ് 23 ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തു. നാല് ടീമുകള്‍ രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് അക്കൗണ്ടുകള്‍ കണ്ടെത്തിയത്.
സെപ്തംബര്‍ 20 നാണ് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന ലിങ്കുകളെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. അന്നുതന്നെ അന്വേഷണം ആരംഭിച്ചു. രാജ്യ തലസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ സംഘം പരിശോധന നടത്തി. അന്വേഷണത്തില്‍ തെളിവുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ട്വിറ്ററിന് കത്തെഴുതുകയും മൈക്രോബ്ലോഗിംഗ് സൈറ്റില്‍ നിന്ന് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ തേടുകയും ചെയ്തതായി പോലീസ് അറിയിച്ചു.സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ മറ്റൊരു ഓപ്പറേഷന്‍ നടത്താന്‍ ഐഎഫ്എസ്ഒ പദ്ധതിയിടുന്നതായി അധികൃതര്‍ അറിയിച്ചു. 2021 ഡിസംബറിലും 2022 ജനുവരിയിലും ദേശീയ തലസ്ഥാനത്തുടനീളം ജില്ലാ പോലീസുമായി ചേര്‍ന്ന് നടത്തിയ അവസാന ഓപ്പറേഷനില്‍ ആകെ 189 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 132 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ അശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിക്കുന്ന മൈക്രോബ്ലോഗിംഗ് സൈറ്റില്‍ നിരവധി ട്വീറ്റുകളുടെ സാന്നിധ്യം സംബന്ധിച്ച് സെപ്തംബര്‍ 20 ന് ദല്‍ഹി വനിതാ കമ്മീഷന്‍ ദല്‍ഹി പോലീസിനും ട്വിറ്ററിനും സമന്‍സ് അയച്ചിരുന്നു. ഇത്തരം പ്രവൃത്തികള്‍ തടയാന്‍ സ്വീകരിക്കുന്ന നടപടികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു.