Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊറിയൻ യുദ്ധം അവസാനിക്കുന്നു;  സമാധാന കരാർ ഒപ്പിടുമെന്ന് കൊറിയൻ നേതാക്കൾ

ഗൊയാങ് - പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിന് അന്ത്യം കുറിച്ച് ദക്ഷിണ, ഉത്തര കൊറിയകൾ തമ്മിൽ സുസ്ഥിര സമാധാന കരാർ ഒപ്പുവെക്കുമെന്ന് ഇരു കൊറിയകളുടേയും രാഷ്ട്രത്തലവൻമാർ തീരുമാനിച്ചു. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നും തമ്മിൽ വെള്ളിയാഴ്ച നടന്ന ചരിത്രപരമായ ഉച്ചകോടിയിലാണ് തീരുമാനം. ഇരുരാജ്യങ്ങളും ഉൾപ്പെടുന്ന കൊറിയൻ ഉപദ്വീപിനെ ആണവായുധ വിമുക്തമാക്കാൻ സമ്പൂർണ ആണവനിരായുധീകരണം നടപ്പിലാക്കാനും തീരുമാനമായിട്ടുണ്ട്. ഇതു സംബന്ധിച്ച് ഇരുനേതാക്കളും സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവച്ചു. 
കൊറിയൻ യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിനുള്ള ശ്രമങ്ങൾ ഈ വർഷം തന്നെ തുടക്കമിടാനും ഇരു നേതാക്കളും തീരുമാനിച്ചു. ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ താമസിയാതെ ഉത്തര കൊറിയ സന്ദർശിക്കും. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇടവിട്ടുള്ള രാഷ്ട്ര നേതാക്കളുടെ സന്ദർശനങ്ങളും നേരിട്ടുള്ള ടെലിഫോൺ ബന്ധവും സ്ഥാപിക്കും.
ഒരു ദശകത്തിനു ശേഷമാണ് ഇരു കൊറിയകളും തമ്മിൽ ഔപചാരിക ചർച്ചകൾ നടക്കുന്നത്. ഉത്തര കൊറിയൻ ഭരണത്തലവൻ ദക്ഷിണ കൊറിയ സന്ദർശിക്കുന്നതും ഇതാദ്യമായാണ്. ഇരു കൊറിയകളേയും വേർത്തിരിക്കുന്ന സൈനികമുക്ത മേഖല എന്നറിയപ്പെടുന്ന അതീവ സംരക്ഷിത മേഖലയിലെ പൻമുൻജോങ്ങിലെത്തിയ കിം ജോങ് ഉന്നിനെ അതിർക്കപ്പുറത്തു നിന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇൻ ഹസ്തദാനം നൽകി സ്വീകരിച്ചു. ഇരു നേതാക്കളും കാൽനടയായാണ് അതിർത്തി വരമ്പ് മുറിച്ച് കടന്നത്. ഇരു രാജ്യങ്ങളേയും വേർത്തിരിക്കുന്ന കോൺക്രീറ്റ് വരമ്പ് മുറിച്ചു കടന്നത് വൈകാരിക നിമിഷമെന്നാണ് കിം വിശേഷിപ്പിച്ചത്. 1953ൽ ഇരു കൊറിയകളും തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ച് വെടിനിർത്തൽ കരാറിൽ ഒപ്പിട്ടത് ഇവിടെ വച്ചായിരുന്നു. ഇതിനു ശേഷം ആദ്യമായാണ് ഉത്തര കൊറിയൻ നേതാവ് ഇവിടെ എത്തുന്നത്. അര നൂറ്റാണ്ടു മുമ്പ് ഒപ്പുവച്ച ഈ വെടിനിർത്തൽ കരാറിനെ സമാധാനക്കരാറാക്കി മാറ്റി യുദ്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുമെന്ന തീരുമാനമാണ് ഈ ഉച്ചകോടിയിലെ പ്രാധാന്യമേറിയ തീരുമാനം.
 

Latest News