കൊച്ചി- ഭാരത് ജോഡോ യാത്രക്കെതിരെ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. യാത്ര ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഹരജി. ആരോപണം തെളിയിക്കാന്‍ ഉതകുന്ന രേഖകള്‍ ഹാജരാക്കിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, യാത്ര സമാധാനപരമായാണ് കടന്നുപോകുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിയമവിരുദ്ധ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
അഭിഭാഷകനായ കെ. വിജയനാണ് കോടതിയെ സമീപിച്ചിരുന്നു. യാത്രക്ക് ആവശ്യമായ അനുമതി ഉണ്ടായിരുന്നോ എന്നത് അടക്കമുള്ള രേഖകള്‍ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരനോട് ആവശ്യപ്പെട്ടിരുന്നു. ദേശീയപാത പൂര്‍ണ്ണമായും അടച്ചുകൊണ്ടുള്ള യാത്ര അനുവദിക്കരുതെന്നും ഒരു ഭാഗത്തുകൂടി വാഹനങ്ങള്‍ കടത്തിവിടാന്‍ നിര്‍ദേശം നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. യാത്രക്ക് പോലീസ് സുരക്ഷ ഒരുക്കുന്നതിന് പണം ഈടാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങളെല്ലാം കോടതി തള്ളി.