ന്യൂദല്‍ഹി- യഥാര്‍ഥ ശിവസേന ആരാണെന്ന് തീരുമാനിക്കുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ വിലക്കണമെന്ന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ആവശ്യം സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് തള്ളി. ഇതോടെ ഷിന്‍ഡെ പക്ഷത്തിനേതിരേയുള്ള പോരാട്ടത്തില്‍ ഉദ്ധവ് താക്കറെക്ക് സുപ്രീംകോടതിയില്‍ നിന്നു തിരിച്ചടി നേരിട്ടിരിക്കുകയാണ്.
ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തില്‍ കാല് വാരല്‍ നടന്നതോടെയാണ് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഉദ്ധവിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ താഴെ വീണത്. ശേഷം ബി.ജെ.പിയുമായി ചേര്‍ന്ന് ഷിന്‍ഡേ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് കൂറുമാറ്റം, ലയനം, അയോഗ്യത തുടങ്ങിയ ഭരണഘടനാ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഉദ്ധവ് താക്കറെ സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. പരാതി സുപ്രീംകോടതി അഞ്ചംഗ ഭരണഘാടനാ ബെഞ്ചിനും വിട്ടിരുന്നു. ഇതിലാണ് ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്.
ഭൂരിപക്ഷം എം.എല്‍.എമാരും എം.പിമാരും ഷിന്‍ഡേ പക്ഷത്തായ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങള്‍ താക്കറെക്ക് തിരിച്ചടിയാകും.