വാഷിംഗ്ടണ്‍- സിറിയയില്‍ സൈനിക നടപടി വിപുലമാക്കാന്‍ ഒരുങ്ങി അമേരിക്ക. മേഖലയില്‍ ഐ.എസ് ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സൈനിക നീക്കം പരിമിതപ്പെടുത്താനുള്ള നീക്കം അമേരിക്ക പുനഃപരിശോധിക്കുന്നത്. സിറിയയില്‍ കൂടുതല്‍ പങ്കാളിത്തം വഹിക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പറഞ്ഞു.
ഇപ്പോള്‍ സിറിയയില്‍നിന്ന് സൈനികരെ പിന്‍വലിക്കുന്നില്ലെന്ന് സെനറ്റിന്റെ സായധ സേനാ കമ്മിറ്റി മുമ്പാകെ മാറ്റിസ് പറഞ്ഞു. പോരാട്ടം തുടരുകയാണ്. മേഖലയില്‍നിന്ന് കൂടുതല്‍ പിന്തുണ തരപ്പെടുത്തി അതു വിപലമാക്കാനാണ് ആലോചിക്കുന്നത്. ഇത് ഇപ്പോള്‍ സ്വീകരിക്കുന്ന വന്‍ ചുവടുമാറ്റമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
സിറിയയില്‍ തുടരുന്ന സംഘര്‍ഷത്തില്‍ ഏതെങ്കിലും പക്ഷം പിടിക്കാന്‍ അമേരിക്ക താല്‍പര്യപ്പെടുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രതിരോധ സെക്രട്ടറി സെനറ്റ് മുമ്പാകെ നല്‍കിയ മൊഴി. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ സൈനിക പരിഹാരം സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. യു.എന്നിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന നയതന്ത്ര പരിഹാരത്തെ പിന്തുണക്കാനാണ് അമേരിക്കയുടെ ശ്രമമെന്നും ജെയിംസ് മാറ്റിസ് വിശദീകരിച്ചു.
ഐ.എസ് പരജായപ്പെടുന്നതോടെ സിറിയയില്‍നിന്ന് അമേരിക്കന്‍ സേന പിന്‍വാങ്ങുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് സമയപരിധിയൊന്നും നിശ്ചയിച്ചിരുന്നില്ല.
യു.എസ് സൈനികര്‍ വളരെ വേഗം തന്നെ നാട്ടില്‍ മടങ്ങിയത്തുമെന്ന് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞിരുന്നു.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സിറിയയിലേക്ക് സൈന്യത്തെ അയച്ച മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമക്കെതിരെ ട്രംപ് രൂക്ഷ വിമര്‍ശമാണ് അദ്ദേഹം നടത്തിയിരന്നത്. ചെലവേറിയ ഈ ഇപടെല്‍ കൊണ്ട് നേട്ടമൊന്നുമുണ്ടായില്ലെന്നും കോട്ടം ധാരാളമാണെന്നുമായിരുന്നു വിമര്‍ശം. സിറിയയിലെ കാര്യങ്ങള്‍ നോക്കാന്‍ വേറെ ആരെയങ്കിലും ഏല്‍പിച്ച് അവിടെനിന്ന് കഴിയും വേഗം സൈന്യത്തെ നാട്ടിലെത്തിക്കുമെന്നാണ് കഴിഞ്ഞ മാസവും ട്രംപ് വ്യക്തമാക്കിയത്.
മധ്യ യൂഫ്രട്ടീസ് നദീ തീരത്ത് നിശ്ചിത ലക്ഷ്യങ്ങള്‍ക്കുനേരെ വരുംദിവസങ്ങളില്‍ കനത്ത തോതില്‍ ആക്രമണം നടത്തുമെന്ന് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് സെനറ്റ് കമ്മിറ്റി മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയും ഫ്രന്‍സും സിറിയയില്‍ യോജിച്ച നിലപാട് സ്വീകരിക്കുമെന്ന് കഴഞ്ഞ ദിവസം യു.എസ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും പറഞ്ഞിരുന്നു. ഈ മാസം ആദ്യം സിറിയന്‍ സര്‍ക്കാര്‍ സേനക്കെതിരെ നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ ഫ്രാന്‍സ് അമേരിക്കയോടൊപ്പം പങ്കെടുത്തിരുന്നു.
2014 മുതല്‍ സിറിയന്‍ സര്‍ക്കാര്‍ വിരുദ്ധ സേനയേയും കുര്‍ദ് വിമതരേയും അമേരിക്ക പിന്തുണച്ചുവരുന്നുണ്ട്. ഐ.എസിനെതിരായ പോരാട്ടത്തിന്റെ പേരിലാണ് ഈ പിന്തുണ. അമേരിക്കക്കു പുറമെ, റഷ്യയും ഇടപെട്ടതോടെ സിറയിയിലും ഇറാഖിലും ഐ.എസ് കയ്യടക്കിയിരുന്ന 98 ശതമാനം പ്രദേശവും അവര്‍ക്ക് നഷ്ടമായി. മരുഭൂമയിലെ ഏതാനും കേന്ദ്രങ്ങളില്‍ മാത്രമാണ് ഐ.എസ് അവശേഷിക്കുന്നത്.
സിറിയയില്‍ രണ്ട് സേനകളും ഐ.എസിനെതിരെയാണ് പൊരുതുന്നതെന്നതിനാല്‍ മുഖാമുഖം വരാതിരിക്കാന്‍ റഷ്യന്‍ സേനയുമായി ആശയവിനിമയം നടത്തുമെന്ന് മാറ്റിസ് സെനറ്റിന് ഉറപ്പു നല്‍കി.