തിരുവനന്തപുരം- പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങും ചൈനീസ് പട്ടണമായ വുഹാനില്‍ നടത്തുന്ന കൂടിക്കാഴ്ച ആഗോള മാധ്യമങ്ങളില്‍ പ്രധാനവാര്‍ത്തയാണ്. ദോക് ലാ അതിര്‍ത്തിയിലെ ചൈനീസ് കടന്നു കയറ്റവും ഇന്ത്യയുടെ പ്രതിരോധവുമൊക്കെ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കിയ സാഹചര്യത്തില്‍ മോഡി-ഷി അനൗപചരിക കൂടിക്കാഴ്ചക്ക് വലിയ പ്രധാന്യമാണ് മാധ്യമങ്ങള്‍ നല്‍കുന്നത്.
ദേശീയ പത്രമായ ടൈംസ് ഓഫ് ഇന്ത്യയും അത്രയേ ചെയ്തുള്ളൂ. 24 മണിക്കൂറിനിടയില്‍ മോഡിയും ഷിയും ആറുതവണ കൂടിക്കാഴ്ച നടത്തുമെന്ന് അവര്‍ വുഹാനില്‍നിന്നുള്ള വാര്‍ത്ത നല്‍കി.
ഫോട്ടോഷോപ്പ് വിദ്വാന്‍ ചെറിയ മാറ്റമേ വരുത്തിയുള്ളൂ. മീറ്റ് എന്നത് മേറ്റ് എന്നാക്കി. സമൂഹ മാധ്യമങ്ങള്‍ അത് ഏറ്റുപിടിച്ച് വിഭാര്യനായ മോഡിക്ക് അനുയോജ്യമെന്ന അടിക്കുറിപ്പോടെ പ്രചരിപ്പിച്ചു.
ഒടുവില്‍ ടൈംസ് ഓഫ് ഇന്ത്യ ട്വിറ്ററില്‍ വിശദീകരണം നല്‍കിയിരിക്കയാണ്. തങ്ങളുടെ ഒരു പതിപ്പിലും അച്ചടിത്തെറ്റ് സംഭവിച്ചിട്ടില്ലെന്നും ഫോട്ടോഷോപ്പില്‍ കാണിച്ച കൃത്രിമം കണ്ടാല്‍ മനസ്സിലാകുമെന്നും വിശദീകരിച്ചുകൊണ്ട് അവര്‍ രണ്ടു തലക്കെട്ടും പോസ്റ്റ് ചെയ്തു.
വായനക്കാരെ വഴിതെറ്റിക്കാനും ചിരിപ്പിക്കാനും ഉദ്ദേശിച്ചു കൊണ്ടുള്ള ട്രോളുകള്‍ ഇംഗ്ലീഷില്‍ മാത്രമല്ല. മലയാളത്തിലുമുണ്ട്.
തൃശൂര്‍ പൂരം കാണാന്‍ പോയ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ലക്ഷങ്ങള്‍ ഒഴുകിയെത്തിയെന്ന വാര്‍ത്തയാണ് ദേശാപമാനി പത്രക്കട്ടിംഗായി പ്രചരിക്കുന്നത്. ദേശാഭിമാനിയെന്നു തോന്നിപ്പിക്കും വിധമാണ് തൃശൂര്‍ എഡിഷന്‍ പത്രത്തിന്റെ കട്ടിംഗ് സമൂഹമാധ്യമ ഉപയോക്താക്കളുടെ കൈകളിലെത്തുന്നത്. സി.പി.എം, സര്‍ക്കാര്‍ വിരുദ്ധ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഈ കട്ടിംഗ് ആഘോഷമായി.