ജയ്പുര്‍ - രാജസ്ഥാന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍, ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് ഗെഹലോത്് പക്ഷം. ഗെഹലോതിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് താഴെയിറക്കാനുള്ള ഗൂഢാലോചനയില്‍ മാക്കനും പങ്കാളിയായെന്ന് രാജസ്ഥാന്‍ മന്ത്രി ശാന്തി ധരിവാള്‍ പറഞ്ഞു. പൈലറ്റിനുവേണ്ടി വോട്ടുപിടിക്കുകയാണ് അദ്ദേഹം. എം.എല്‍.എമാര്‍ക്ക് അമര്‍ഷമുണ്ടെന്നും അവര്‍ തന്നെ വിളിച്ചുവെന്നും ധരിവാള്‍ പറയുന്നു.
പാര്‍ട്ടിയെ ഒറ്റിക്കൊടുത്തവര്‍ക്കു പാരിതോഷികം നല്‍കുന്നത് രാജസ്ഥാനിലെ എം.എല്‍.എമാര്‍ക്കു സഹിക്കാനാകില്ല. ഇത്തരക്കാരെ മുഖ്യമന്ത്രിയാക്കുന്നതിന് ഒരു ജനറല്‍ സെക്രട്ടറി സ്വയം പ്രചാരണം നടത്തുകയാണ്. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് ഇതു സഹിക്കാന്‍ കഴിയില്ല- സച്ചിന്‍ പൈലറ്റിന്റെ പേരെടുത്തു പറയാതെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020 ല്‍ സച്ചിന്‍ വിമത നീക്കം നടത്തിയപ്പോള്‍ ആ 34 ദിവസം കോണ്‍ഗ്രസിനൊപ്പം നിന്ന 102 എം.എല്‍.എമാരില്‍ ഒരാളെ മുഖ്യമന്ത്രിയാക്കണമെന്നാണ് അവരുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.






