ദുബായ്- കോവിഡ് ബാധിക്കുന്നവരുടെ സ്വയം നിര്‍ബന്ധിത ക്വാറന്റൈന്‍ കാലം ചുരുക്കി യു.എ.ഇ അധികൃതര്‍. ഇനി മുതല്‍ കോവിഡ് ബാധിക്കുന്നവര്‍ അഞ്ച് ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതി. രോഗികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ കോവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ മാത്രം പി.സി.ആര്‍ ടെസ്റ്റ് നടത്തിയാല്‍ മതിയെന്നും അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പ്രായമായവര്‍ക്കും മറ്റു രോഗങ്ങളുള്ളവര്‍ക്കും പി.സി.ആര്‍ ടെസ്റ്റ് നടത്താന്‍ ശുപാര്‍ശയുണ്ട്.
ബുധനാഴ്ച മുതല്‍ പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. കോവിഡ് സുരക്ഷയുമായി ബന്ധപ്പെട്ട മിക്ക നിയന്ത്രണങ്ങളും യു.എ.ഇ ഒഴിവാക്കി വരികയായിരുന്നു. മിക്ക സര്‍ക്കാര്‍ ഓഫീസുകളിലും പൊതു സ്ഥലങ്ങളിലും പ്രവേശിക്കാന്‍ അല്‍ ഹുസ്ന്‍ ആപ്പിലെ ഗ്രീന്‍ പാസ് തുടരും. ഇതിന്റെ കാലാവധി ഒരു മാസമായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഗ്രീന്‍ പാസ് കരസ്ഥമാക്കാന്‍ ഓരോ മാസവും താമസക്കാര്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് ഉറപ്പാക്കണമെന്നതാണ് ഇതിനര്‍ഥം.