ചെങ്ങന്നൂർ- തെരഞ്ഞെടുപ്പിൽ ഏതെങ്കിലും പാർട്ടിയുടെ വോട്ട് വേണ്ടെന്ന് പറയാൻ ഘടകകക്ഷികൾക്ക് അവകാശമില്ലെന്നും ഇക്കാര്യം മുന്നണി ഒറ്റക്കെട്ടായാണ് തീരുമാനിക്കേണ്ടതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചെങ്ങന്നൂരിൽ മാണിയുടെ വോട്ട് വേണ്ടെന്ന സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കോടിയേരി. ആരുടെയും വോട്ട് ആവശ്യമില്ലെന്ന നിലപാടില്ലെന്നും യു.ഡി.എഫിനോട് അസംതൃപ്തിയുള്ള ആരുടെ വോട്ടും സ്വീകരിക്കുമെന്നും കഴിഞ്ഞ തവണത്തേതിനേക്കാൾ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
അതേസമയം, ആർക്ക് വോട്ട് ചെയ്യണമെന്ന് കേരള കോൺഗ്രസിന് അറിയാമെന്ന് കെ.എം മാണിയും വ്യക്തമാക്കി. സി.പി.എമ്മിനെ തോൽപ്പിക്കാനാണ് സി.പി.ഐ ശ്രമിക്കുന്നതെന്നും സി.പി.എം തോറ്റാൽ സി.പി.ഐക്ക് ഒന്നുമില്ലെന്നും മാണി പറഞ്ഞു.
അടുത്തമാസം 28-നാണ് ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ്. വിജ്ഞാപനം മെയ് മൂന്നിനു പുറത്തിറക്കും. മെയ് 31 ന് തെരഞ്ഞെടുപ്പു ഫലം അറിയാം. മെയ് പത്താണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. 11 ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 14.
ചെങ്ങന്നൂർ മണ്ഡലത്തിൽ മാത്രമായി തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
അതിനിടെ, ചെങ്ങന്നൂരിൽ അരയും തലയും മുറുക്കി പതിനെട്ടടവും പയറ്റാൻ മുന്നണികൾ സജീവമായി. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം നീണ്ടുപോയതോടെ കടുത്ത പ്രതിഷേധവുമായി ബി.ജെ.പി ഒഴികെയുള്ള പാർട്ടികളും മുന്നണികളും രംഗത്തെത്തിയിരുന്നു. കോൺഗ്രസും സി.പി.എമ്മും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരസ്യമായി ആരോപണമുന്നയിച്ചു. കേന്ദ്ര സർക്കാരിന്റെ സമ്മർദത്തിന് വഴങ്ങി കമ്മീഷൻ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വൈകിക്കുന്നുവെന്നായിരുന്നു ആരോപണം.
എന്നാൽ പൊടുന്നനെ വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനാർഥികളെയും രാഷ്ട്രീയ പാർട്ടികളെയും ഞെട്ടിച്ചു.
രണ്ടര മാസമായി തുടരുന്ന പ്രചാരണത്തിൽ സ്ഥാനാർഥികളും മുന്നണികളും ക്ഷീണിച്ചിരുന്നു. ഇനി പ്രഖ്യാപനം വരട്ടെയെന്ന് പറഞ്ഞ് സംസ്ഥാന നേതാക്കൾ കളമൊഴിഞ്ഞു നിൽക്കുകയായിരുന്നു.
എങ്ങനെയും സീറ്റ് പിടിക്കുകയെന്നതാണ് മൂന്ന് മുന്നണികളുടെയും ലക്ഷ്യം. സിറ്റിംഗ് സീറ്റ് നിലനിർത്താൻ സി.പി.എം ഇറക്കിയിരിക്കുന്നത് ജില്ലാ സെക്രട്ടറിയായ സജി ചെറിയാനെയാണ്. ചെങ്ങന്നൂർ സ്വദേശിയായ സജി മൂന്നു മാസത്തോളമായി മണ്ഡലത്തിൽ ഓരോ വോട്ടറെയും കണ്ട് വോട്ട് തേടുകയാണ്.
കഴിഞ്ഞ തവണ കൈവിട്ട ചെങ്ങന്നൂർ പിടിച്ചെടുക്കുന്നതിന് യു.ഡി.എഫിൽ നറുക്ക് വീണത് അഡ്വ. ഡി. വിജയകുമാറിനാണ്. ചെങ്ങന്നൂരിലെ നിറസാന്നിധ്യമായ വിജയകുമാർ യു.ഡി.എഫിന് പ്രാദേശിക തലത്തിൽ കിട്ടാവുന്നതിൽ മികച്ച പോരാളിയാണ്. എൻ.ഡി.എക്ക് ശ്രീധരൻ പിള്ളയാണ് സ്ഥാനാർഥി. കഴിഞ്ഞ തവണ മധ്യ കേരളത്തിൽ മികച്ച പോരാട്ടം കാഴ്ചവെച്ച ശ്രീധരൻ പിള്ളയും സംഘവും മണ്ഡലം പിടിക്കാനുള്ള കടുത്ത പ്രയത്നത്തിലാണ്.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള നേതാക്കൾ ചെങ്ങന്നൂരിൽ തമ്പടിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്.
രണ്ട് ഘട്ടങ്ങളിലായി പ്രചാരണം പൂർത്തിയാക്കിയ സ്ഥാനാർഥികൾ ഇനി പതിവ് ശൈലി വിട്ടുള്ള പ്രചാരണത്തിലേക്ക് കടക്കുകയാണ്. ആദ്യ ഘട്ടത്തിൽ മണ്ഡലത്തിലുടനീളം പതിച്ച പോസ്റ്ററുകൾ വേനൽ മഴ കൊണ്ടുപോയി. പ്രധാനമന്ത്രിയെയും ബി.ജെ.പി അധ്യക്ഷൻ അമിത്ഷായെയും കൊണ്ടുവരാൻ എൻ.ഡി.എ നീക്കം നടത്തുമ്പോൾ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരെ എത്തിക്കാൻ യു.ഡി.എഫും ശ്രമിക്കുന്നു. സി.പി.എം, സി.പി.ഐ കക്ഷികളുടെ മുതിർന്ന നേതാക്കൾ സജീവമായി മണ്ഡലത്തിലുണ്ടാകും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1.90 ലക്ഷം വോട്ടർമാരുണ്ടായിരുന്ന ചെങ്ങന്നൂരിൽ ഇത്തവണ 1.70 ലക്ഷം വോട്ടർമാരാണുള്ളത്. 2018 ജനുവരിയിൽ പുതുക്കിയ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ 20,000 വോട്ടർമാരുടെ കുറവ് കാണിക്കുന്നു. പ്രവാസികൾ കൂടുതലുള്ള ഇവിടെ പട്ടിക പുതുക്കിയപ്പോൾ ഇവരെ ഒഴിവാക്കിയതാകും എണ്ണത്തിൽ ഭീമമായ കുറവ് വരാൻ കാരണമെന്ന് പറയുന്നു.
സംസ്ഥാന സക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടികൾക്കിടയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്നതും ശ്രദ്ധേയമാണ്. ത്രികോണ മത്സരത്തിന് കളമൊരുങ്ങിയ ചെങ്ങന്നൂരിൽ ആം ആദ്മി പാർട്ടിയടക്കം ചെറു പാർട്ടികളും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ഓരോ വോട്ടറെയും നേരിൽ കണ്ട് വോട്ട് അഭ്യർഥിക്കാൻ സമയം ലഭിച്ച അപൂർവം തെരഞ്ഞെടുപ്പുകളിലൊന്നായി ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മാറിയിരിക്കുകയാണ്.
മുന്നണിക്കുള്ളിലെ പടലപ്പിണക്കം കാരണം ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ പോലും സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. കേന്ദ്രത്തിൽ തങ്ങൾക്ക് ലഭിക്കേണ്ട സ്ഥാനങ്ങൾ ലഭ്യമാകാതെ പ്രചാരണ പ്രവർത്തനങ്ങൾക്കുണ്ടാകില്ലെന്ന് ബി.ഡി.ജെ.എസ് ബന്ധപ്പെട്ടവരെ പലപ്പോഴായി അറിയിച്ചുകഴിഞ്ഞു. സി.പി.എമ്മിലെ കെ.കെ. രാമചന്ദ്രൻ നായരുടെ ആകസ്മിക നിര്യാണത്തോടെയാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് വേദിയാകുന്നത്. കാൽ നൂറ്റാണ്ടത്തെ കാത്തിരിപ്പിന് ശേഷമാണ് ചെങ്ങന്നൂരിൽ ഇടതുപക്ഷത്തിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയം നേടാനായത്. ഇടതുപക്ഷം അധികാരത്തിലുള്ളപ്പോൾ തങ്ങളുടെ കൈയിൽ നിന്ന് മണ്ഡലം പിടിവിട്ടുപോകുകയെന്നത് ഇടതുമുന്നണിക്ക് ചിന്തിക്കാനേ വയ്യ. പ്രതിപക്ഷം ദുർബലമല്ലെന്നു തെളിയിക്കാൻ യു.ഡി.എഫിനു മണ്ഡലം തിരിച്ചുപിടിക്കണം. ഇതിനിടയിലാണ് മാണി പിന്തുണയുമായി ബന്ധപ്പെട്ട് സി.പി.എം-സി.പി.ഐ തർക്കം ഉടലെടുത്തത്.