സോള്‍- പുതുചരിത്രമെഴുതിക്കൊണ്ട് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേയുമായി ചര്‍ച്ച തുടങ്ങി. 1950-53 ലെ കൊറിയന്‍ യുദ്ധത്തിനു ശേഷം ആദ്യമായാണ് ഒരു ഉത്തര കൊറിയന്‍ നേതാവ് ദക്ഷിണ കൊറിയയില്‍ എത്തുന്നത്. ഇരുരാജ്യങ്ങളുടേയും അതിര്‍ത്തിയിലുള്ള പാന്‍മുന്‍ജോമാണ് ചരിത്രപ്രധാന ഉച്ചകോടിക്ക് വേദിയാകുന്നത്. സമാധാന ഗ്രാമമെന്ന് അറിയപ്പെടുന്ന ഇവിടെ വെച്ചാണ് 1957 ജൂലൈ 23-ന് കൊറിയന്‍ യുദ്ധം അവസാനിപ്പിച്ച കരാര്‍ ഒപ്പുവെച്ചത്.
പുതിയ ചരിത്രം തുടങ്ങുന്നുവെന്നാണ് സമാധാന ഭവനത്തില്‍ പ്രവേശിച്ച കിം ജോങ് ഉന്‍ ഗസ്റ്റ് ബുക്കില്‍ കുറിച്ചത്. കൊറിയന്‍ ഉപദ്വീപിലെ ആണവ നിരായുധീകരണം, ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കൊറിയന്‍ കരാര്‍ എന്നിവയാണ് ഇരുനേതാക്കള്‍ തമ്മിലുള്ള ഉച്ചകോടിയില്‍ മുഖ്യ ചര്‍ച്ചാ വിഷയങ്ങളെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈകിട്ട് ഇരുനേതാക്കളും പങ്കെടുക്കുന്ന അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ട്.