ചെന്നൈ- തിരുപ്പതി തിരുമല ക്ഷേത്രത്തിന്റെ സ്വത്ത് വിവരങ്ങൾ പൂർണമായി ട്രസ്റ്റ് പുറത്ത് വിട്ടു. 85000 കോടിയലധികം രൂപയുടെ ആസ്തി ഉണ്ടെന്നാണ് കണക്ക്. 14 ടൺ സ്വർണശേഖരമുണ്ട്. ഇതോടെ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രട്രസ്റ്റ് തിരുമല തിരുപ്പതി ദേവസ്ഥാനമാണെന്ന് വ്യക്തമായി. ക്ഷേത്രദർശനത്തിന് എത്തുന്നവരിൽ റെക്കോർഡ് കുറിച്ച തിരുപ്പതി ക്ഷേത്രം സമ്പത്തിലും റെക്കോർഡ് കുറിച്ചുകഴിഞ്ഞു. ആദ്യമായി സ്വത്ത് വിവരങ്ങളുടെ പൂർണരൂപം ട്രസ്റ്റ് പുറത്തുവിട്ടതോടെ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രട്രസ്റ്റ് തിരുമല തിരുപ്പതി ദേവസ്ഥാനമാണെന്നതിൽ തർക്കം കാണില്ല.
ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 85, 705 കോടിയുടെ ആസ്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 7,123 ഏക്കർ ഭൂമി. 960 കെട്ടിടങ്ങൾ. തിരുപ്പതിയിൽ മാത്രം 40 ഏക്കർ ഹൗസിങ് പ്ലോട്ടുകൾ. തിരുപ്പതിക്ക് സമീപമുള്ള വിനോദസഞ്ചാര മേഖലയായ ചന്ദ്രഗിരിയിൽ 2800 ഏക്കർ. കൃഷിഭൂമിയായി മാത്രം 2,231 ഏക്കർ സ്ഥലം. ചിറ്റൂർ നഗരത്തിൽ 16 ഏക്കർ ഭൂമി. വിവിധ ദേശസാൽകൃത ബാങ്കുകളിലായി 14,000 കോടി രൂപയിലധികം സ്ഥിരനിക്ഷേപം.
14 ടൺ സ്വർണശേഖരം.സർക്കാർ കണക്ക് അനുസരിച്ചുള്ള സ്വത്ത് വിവരമാണിത്. ആകെ വിപണി മൂല്യം കണക്കാക്കിയാൽ മൂല്യം 2 ലക്ഷം കോടിയിലധികം. കോവിഡ് നിയന്ത്രണങ്ങൾ മാറിയതോടെ ക്ഷേത്രത്തിൽ തിരക്കേറി. വെങ്കിടേശ്വര ക്ഷേത്രത്തിലെ മാത്രം ദിവസ വരുമാനം ആറ് കോടിക്ക് മുകളിൽ. ഇക്കഴിഞ്ഞ ഏപ്രിലിന് ശേഷം ഭണ്ഡാരത്തിൽ ലഭിച്ചത് 700 കോടി.
300 കോടിയുടെ അടിസ്ഥാന സൗകര്യവികസനത്തിന് ട്രസ്റ്റിന് പദ്ധതിയുണ്ട്.