ന്യൂദല്‍ഹി- ശുഭസ്യ ശീഘ്രം എന്നാണ് പ്രമാണമെങ്കിലും തരൂരും ഗെഹ്്‌ലോത്തും നല്ല സമയത്തിനായി കാത്തിരിക്കുകയാണ്, പത്രിക സമര്‍പ്പിക്കാന്‍. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിന് തയ്യാറെടുക്കുന്ന ഇരുവരും വരും ദിവസങ്ങളില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാജസ്ഥാന്‍ മുഖ്യമന്ത്രി ഗഹ്‌ലോത് സെപ്റ്റംബര്‍ 27 നും തരൂര്‍ സെപ്റ്റംബര്‍ 30 നും പത്രികകള്‍ നല്‍കുമെന്നാണറിയുന്നത്.
സെപ്റ്റംബര്‍ 26 വരെ ശുഭകാര്യങ്ങള്‍ക്ക് നല്ലതല്ലെന്നതാണ് പത്രികാ സമര്‍പ്പണം നീണ്ടുപോകുന്നതിന്റെ മുഖ്യകാരണം. കോണ്‍ഗ്രസ് സെന്‍ട്രല്‍ ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിക്ക് മുമ്പാകെയാണ് ഗഹ്‌ലോതും തരൂരും പത്രിക നല്‍കുക. സെപ്റ്റംബര്‍ 27ന് ചൊവ്വാഴ്ച ഗഹ്‌ലോതിന്റെ പത്രിക സമര്‍പ്പണം വന്‍സംഭവമാക്കാനാണ് കോണ്‍ഗ്രസിലെ ഔദ്യോഗിക വിഭാഗം ഒരുങ്ങുന്നതെന്നാണ് സൂചന. രാജസ്ഥാന് പുറമെ കോണ്‍ഗ്രസിന് നിലവില്‍ മുഖ്യമന്ത്രിയുള്ളത് ഛത്തീസ്ഗഢിലാണ്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍, സീനിയര്‍ കോണ്‍ഗ്രസ് നേതാക്കളായ പി. ചിദംബരം, ദ്വിഗ്വിജയ് സിങ് എന്നിവര്‍ ഗഹ്‌ലോതിനൊപ്പമുണ്ടാവുമെന്നാണറിയുന്നത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് പാര്‍ട്ടിക്ക് ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഉണ്ടാവില്ലെന്നാണ് പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കിയിട്ടുള്ളതെങ്കിലും ഗാന്ധി കുടുംബത്തിന്റെ പിന്തുണ ഗഹ്‌ലോതിനായിരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.