ന്യൂദല്‍ഹി- കയ്യൂക്കിന്റെ ബലത്തില്‍ റോഡിലെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് റോഡ് പുത്തനാക്കാന്‍ ജനം നേരിട്ടിറങ്ങിയ സംഭവമാണ് ഗുരുഗ്രാമില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗുരുഗ്രാം മെട്രോപൊളിറ്റന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (ജിഎംഡിഎ)യിലെ റോഡ് നിര്‍മ്മിക്കാന്‍ ചുമതലപ്പെടുത്തിയ കരാറുകാരനെയും തൊഴിലാളികളെയുമാണ് അറുപതോളം വരുന്ന ഗ്രാമീണര്‍ തട്ടിക്കൊണ്ടു പോയി റോഡ് നിര്‍മ്മിച്ചത്. ഇവരുടെ നേതാവ് തോക്ക് ചൂണ്ടിയാണ് തൊഴിലാളികളെ കൊണ്ട് കുഴിയടപ്പിച്ചത്. മറ്റൊരു റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരുന്നവരെയാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. മുന്‍ ബ്ലോക്ക് സമിതി ചെയര്‍മാനാണ് സംഘത്തിന് നേതൃത്വം നല്‍കിയത്.
മാസ്റ്റര്‍ ഡിവൈഡിംഗ് റോഡിന്റെ നിര്‍മാണം തടസപ്പെടുത്തിയെന്നാരോപിച്ച് മുന്‍ ബ്ലോക്ക് സമിതി ചെയര്‍മാന്‍ ഉള്‍പ്പെടെ 30 നൗറംഗ്പൂര്‍ ഗ്രാമവാസികളെ ഇതേതുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തു. ബ്ലോക്ക് സമിതിയുടെ മുന്‍ ചെയര്‍മാന്‍ ഹോഷിയാര്‍ സിംഗ് തന്റെ ഉടമസ്ഥതയിലുള്ള ഒരു പെട്രോള്‍ പമ്പിന് മുന്നില്‍ റോഡ് നിര്‍മ്മിക്കാനാണ് ഈ പ്രവര്‍ത്തി ചെയ്തതെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ ഗ്രാമീണര്‍ ഇത് നിരസിക്കുന്നു. റോഡ് പുനര്‍നിര്‍മിക്കണമെന്ന് ഏറെ നാളായി ആവശ്യപ്പെടുന്നുണ്ടെന്നും, കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 20ഓളം അപകടങ്ങള്‍ ഇവിടെ സംഭവിച്ചുവെന്നുമാണ് ഗ്രാമീണര്‍ പറയുന്നത്. എന്നാല്‍ ടെന്‍ഡര്‍ പോലും വിളിക്കാത്ത റോഡ് നിര്‍മ്മിക്കുവാന്‍ കയ്യൂക്കിന്റെ ബലത്തില്‍ ഗ്രാമീണര്‍ തങ്ങളെ പ്രേരിപ്പിച്ചുവെന്നാണ് കരാറുകാരന്‍ പരാതിപ്പെടുന്നത്. ഖേര്‍ക്കി ദൗല പോലീസാണ് സംഭവത്തില്‍ കേസെടുത്തത്. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ അക്രമികളെയും പിടികൂടാന്‍ അന്വേഷണം വ്യാപകമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഹോഷിയാര്‍ സിംഗ് എന്നയാളുടെ പെട്രോള്‍ പമ്പിന് മുന്നില്‍ റോഡ് നിര്‍മ്മിക്കുവാനായി സ്വകാര്യ കരാറുകാരന്റെ ജീവനക്കാരെയും തൊഴിലാളികളെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി കൊണ്ടു പോകുകയായിരുന്നു. ഗ്രാമവാസികള്‍ ഹോഷിയാര്‍ സിംഗിന് പിന്തുണ നല്‍കി. താന്‍ അറസ്റ്റിലായാലും ഗ്രാമീണര്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുമെന്നാണ് ഈ വിഷയത്തില്‍ ഹോഷിയാര്‍ സിംഗ് പ്രതികരിച്ചത്.