ന്യൂദല്‍ഹി- ചൈനയില്‍ പട്ടാള അട്ടിമറി നടന്നതായി സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹം പടരുന്നു. പ്രസിഡന്റ് ഷി ജിന്‍പിംഗ് വീട്ടുതടങ്കലിലാണെന്നുമുള്ള പ്രചാരണങ്ങളും ട്വിറ്ററില്‍ നിറയുന്നുണ്ട്. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും ഇക്കാര്യം സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ചൈന കൂ എന്ന ഹാഷ് ടാഗിലാണ് ട്വീറ്റുകള്‍ പങ്കുവച്ചിരിക്കുന്നത്. പ്രധാനമന്ത്രി മോഡിക്കും മറ്റ് ലോക നേതാക്കള്‍ക്കുമൊപ്പം ഉസ്ബക്കിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടന്ന എസ്‌സിഒ ഉച്ചകോടിയില്‍ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് പുതിയ വാര്‍ത്ത പ്രചരിക്കുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അദ്ദേഹത്തെ തലപ്പത്ത് നിന്ന് നീക്കിയതായും ജനറല്‍ ലി ക്വിയോമിംഗ് ഷിയുടെ പിന്‍ഗാമിയാകാന്‍ സാദ്ധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തലസ്ഥാനമായ ബെയ്ജിംഗ് സൈന്യത്തിന്റെ അധീനതയിലാണെന്നാണ് അഭ്യൂഹങ്ങള്‍. ചൈനയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായും പ്രധാന നഗരങ്ങളില്‍ സൈനിക വാഹനങ്ങള്‍ നിറഞ്ഞിരിക്കുന്നതായും ട്വിറ്ററില്‍ പ്രചാരണം തകര്‍ക്കുന്നു. ബെയ്ജിംഗിലേക്ക് നീങ്ങുന്ന സൈനിക വാഹനങ്ങള്‍ എന്ന നിലയില്‍ ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്. അതേസമയം, അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ അട്ടിമറി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യന്‍ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നാണ് ഈ പ്രചാരണം ഏറെ വരുന്നത്. അതേസമയം ഷീ വിരുദ്ധരില്‍ നിന്നാണ് ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ ഷി ജിന്‍പിംഗിനെ പുറത്താക്കിയതിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവരുമ്പോഴും, ഷിയുടെ അധികാരം കൂടുതല്‍ ഏകീകരിക്കാന്‍ സഹായിക്കുന്നതിനായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടുത്ത മാസം ഭരണഘടന ഭേദഗതി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഒക്‌ടോബര്‍ 16ന് നടക്കുന്ന പാര്‍ട്ടിയുടെ 20ാമത് ദേശീയ കോണ്‍ഗ്രസില്‍, ഷി മൂന്നാമത് അധികാരത്തിലെത്താന്‍ നീക്കം നടത്തുമെന്നാണ് പറയുന്നത്. ഷീ ജി്ംഗ്പിംഗില്‍ മാവോ ശൈലിയിലുള്ള വ്യക്തിത്വ ആരാധന വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ക്കിടെയാണ് ഈ നീക്കം. ഷീയോടും അദ്ദേഹത്തിന്റെ വ്യക്തിപരമായ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടും അങ്ങേയറ്റം വിശ്വസ്തത കാണിക്കാന്‍ സ്ഥാപനങ്ങളും രാഷ്ട്രീയ വ്യക്തികളും മത്സരിക്കുന്നു. രണ്ട് ദിവസം മുമ്പ് കൈക്കൂലിക്കേസില്‍ ചൈനയില്‍ രണ്ട് മുന്‍ മന്ത്രിമാര്‍ക്കും നാല് മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരോള്‍ കിട്ടാത്തവിധം ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ആറ് പേരും രാഷ്ട്രീയ വിമതരും ഷീയുടെ എതിരാളികളുമാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ ബാക്കിപത്രമാണ് പ്രചാരണമെന്നും റിപ്പോര്‍ട്ടുണ്ട്