പാലക്കാട്- ഡോക്ടര്‍മാര്‍ എഴുതി നല്കുന്ന കുറിപ്പടികള്‍ എത്ര ഇംഗ്ളീഷ് പരിജ്ഞാനമുള്ളവര്‍ക്കും വായിക്കാന്‍ കഴിയില്ല എന്നാണ് പൊതുവേയുള്ള അഭിപ്രായം. സാധാരണയായി മോശം കൈയ്യക്ഷരമുള്ളവരെ ഡോക്ടറിന് പഠിക്കുകയാണോ എന്ന് കളിയാക്കി വിളിക്കുന്നതും പതിവാണ്. എന്നാല്‍ ഇതിന് വിപരീതമായി പ്രചരിക്കുന്ന ഒരു കുറിപ്പടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാരവിഷയമായി കൊണ്ടിരിക്കുന്നത്. സംഭവം ട്രോള്‍ പേജുകള്‍ അടക്കം ഏറ്റെടുത്തതോടെ വടിവൊത്ത അക്ഷരത്തില്‍ ആര്‍ക്കും വായിച്ചെടുക്കാന്‍ കഴിയുന്ന തരത്തിലെഴുതിയ കുറിപ്പടിക്ക് പിന്നില്‍ ആരാണെന്ന അന്വേഷണം തകൃതിയായി. ഒടുവില്‍ മനോഹരമായ കൈയക്ഷരത്തിന് ഉടമയായ ഡോക്ടറെ കണ്ടെത്തിയ സന്തോഷത്തിലാണ് സോഷ്യല്‍ മീഡിയ. നെന്മാറ കമ്മ്യൂണിറ്റി സെന്ററിലെ ശിശു രോഗ വിദഗ്ദനായ നിതിന്‍ നാരായണനാണ് ആ വൈറല്‍ ഡോക്ടര്‍. മുന്‍പേയുള്ള കൈയ്യക്ഷരം ഇപ്പോഴും തുടരുകയാണെന്നും എല്ലാവര്ക്കും മനസ്സിലാകാനാണ് വടിവൊത്ത അക്ഷരങ്ങളില്‍ എഴുതുന്നതെന്നുമാണ് ഡോക്ടര്‍ നിതിന്‍ പറയാനുള്ളത്. താന്‍ എഴുതിയ കുറിപ്പടി സോഷ്യല്‍ മീഡിയയില്‍ സംസാര വിഷയമായപ്പോഴും അതിനെപ്പറ്റി ഡോക്ടര്‍ നിതിന്‍ നാരായണന് വൈകിയാണ് അറിയുന്നത്. ഡി എം ഒ അടക്കമുള്ളവരുടെ അഭിനന്ദന പ്രവാഹം ഇതിനോടകം തന്നെ വൈറല്‍ ഡോക്ടര്‍ക്ക് ലഭിച്ചു.