ദുബായ് - സൂപ്പർമാർക്കറ്റുകളിൽ ഗോമൂത്രം വിൽക്കുന്നുണ്ടെന്ന വാട്‌സാപ്പ് സന്ദേശം പ്രചരിച്ചതിനെ തുടർന്ന് ദുബായ് മുനിസിപ്പാലിറ്റി ഭക്ഷ്യ സുരക്ഷാ വിഭാഗം വ്യാപക പരിശോധന നടത്തി. എന്നാൽ പ്രചരിച്ച സന്ദേശത്തിൽ പറയുന്ന ബ്രാൻഡിലുള്ള ഗോമൂത്രം എവിടേയും വിൽക്കുന്നില്ലെന്ന് കണ്ടെത്തി. ഗോമൂത്ര വിൽപ്പന ദുബായിൽ നിയമവിരുദ്ധമാണ്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചതായും മുനിസിപ്പൽ അധികൃതർ വ്യക്തമാക്കി. ഗോമൂത്രം വിൽക്കുന്നുണ്ടെന്നു പറയപ്പെട്ട സൂപ്പർമാർക്കറ്റ് ശൃംഖലയുടെ ദേരയിലേയും ബർ ദുബായിലേയും സ്‌റ്റോറികളിൽ ഒരേസമയമാണ് പരിശോധന നടത്തിയത്. ഇവരുടെ സംഭരണ കേന്ദ്രത്തിലും പരിശോധന നടന്നു. എന്നാൽ എവിടേയും ഗോമൂത്രം ഉള്ളതായി തെളിവു ലഭിച്ചില്ല. ഇവരുടെ ഇറക്കുമതി രേഖകളും പരിശോധിച്ചതായി ഭക്ഷ്യ സുരക്ഷാ വിഭാഗം ഡയറക്ടർ ഇമാൻ അൽ ബസ്തകി പറഞ്ഞു.
വാട്‌സാപ്പിൽ സന്ദേശത്തോടൊപ്പം പ്രചരിച്ച ഗോമൂത്ര ബോട്ടിലുകളുടെ ചിത്രവും വ്യാജമാണെന്ന് തെളിഞ്ഞു. ഇന്ത്യയിൽ നിന്നുള്ള ഗോമൂത്രം എന്നാണ് ബോട്ടിലുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബോട്ടിലുകളിലെ സ്റ്റിക്കറുകളിൽ ദുബായിലെ സൂപ്പർമാർക്കറ്റിന്റെ പേരും ഉണ്ട്. 50 മില്ലി ഗോമൂത്രത്തിന് രണ്ടു ദിർഹമാണ് വിലയെന്നും അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.