തിരുവനന്തപുരം- ഓണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഇരുപത്തിയഞ്ചുകോടി അടിച്ചതോടെ അനൂപിന് വീട്ടിലേക്ക് വരാന്‍ പറ്റാത്ത അവസ്ഥയാണെന്ന് കുടുംബം. പണം ചോദിച്ച് ചെന്നൈയില്‍ നിന്നടക്കം ആളുകള്‍ വരുന്നുണ്ടെന്ന് അനൂപിന്റെ ഭാര്യ പറയുന്നു.
'ഒരു ഭാഗത്ത് നിന്ന് ബാങ്കുകാരും മറുഭാഗത്ത് നിന്ന് ദാരിദ്ര്യം പറഞ്ഞും ആളുകള്‍ വരികയാണ്. പലരും ഡിമാന്‍ഡ് ചെയ്യുകയാണ്. എനിക്കൊരു 25 ലക്ഷം തരണം, 30 ലക്ഷം തരണം, അതുംകൊണ്ടേ ഞാന്‍ പോകൂവെന്നൊക്കെയാണ് പറയുന്നത്. കിട്ടിയ പണം മുഴുവന്‍ കൊടുത്തുകഴിഞ്ഞാല്‍ ധൂര്‍ത്തടിച്ച് കളഞ്ഞെന്ന് നാളെ അവര്‍ തന്നെ പറയും. ചെന്നൈയില്‍ നിന്നടക്കം ആളുകള്‍ വരുന്നുണ്ട്. രണ്ടും മൂന്നും കോടി കൊടുത്താല്‍ സിനിമ പ്രൊഡ്യൂസ് ചെയ്യിപ്പിക്കാം, അഭിനയിപ്പിക്കാമെന്നൊക്കെ പറഞ്ഞ് വരുന്നവരും ഉണ്ട്.' അനൂപിന്റെ ഭാര്യ പറഞ്ഞു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സഹായ അഭ്യര്ഥനക്കാരെ കൊണ്ട് പൊറുതി മുട്ടി സുഹൃത്തിന്റെ വീട്ടിലേക്ക് മാറി പാര്‍ക്കേണ്ടി വന്നിട്ടുണ്ട്.
അനൂപിന്റെ അഭിമുഖമെടുത്തത് വ്യാഴാഴ്ച രാത്രി കാറിലിരുന്നു കൊണ്ടാണെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ദമ്പതികള്‍ക്ക് വീട്ടില്‍ പോകാന്‍ തന്നെ പേടി. അവര്‍ ശംഖുമുഖം ബീച്ചിലിരുന്നൊക്കെ നേരെ വെളുപ്പിക്കേണ്ടി വരുന്നു. എവിടെ ചെന്നാലും സെല്‍ഫിയെടുക്കാന്‍ ആളുകള്‍ അടുത്തു കൂടും. അതു കഴിഞ്ഞ് മൊബൈല്‍ നമ്പര്‍ കരസ്ഥമാക്കും. അതു കഴിഞ്ഞാല്‍ വിളിയോട് വിളി. സഹായ അഭ്യര്ഥനയാണ് മിക്കതും. ഒന്നു ക്ഷമിക്കൂ, പണം കൈയിലെത്തിയിട്ട് എന്തു ചെയ്യാമെന്ന് നോക്കാമെന്നൊക്കെ മറുപടി നല്‍കും. ധര്‍മം ചെയ്യുമെന്നതില്‍ സംശയമില്ല. ഇതു കൂടി ഉള്‍പ്പെടുത്തിയുള്ള ആസൂത്രണം ഉടന്‍ തയാറാക്കും. നികുതി കഴിച്ച് യഥാര്‍ഥത്തില്‍ എത്ര തുക കൈവശം വന്നു ചേരുമെന്നത് സംബന്ധിച്ചു പോലും വ്യക്തമായ ധാരണയില്ല -അനൂപ് പറഞ്ഞു.
ലോട്ടറി ഒന്നാം സമ്മാനമടിച്ചവര്‍ പണം ധൂര്‍ത്തടിച്ചു കളയുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ കേരള ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടാക്സ് സ്റ്റഡീസിനെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 12 വര്‍ഷത്തെ ബമ്പര്‍ ഭാഗ്യവാന്മാരുടെ ഇപ്പോഴത്തെ ജീവിത രീതിയെ കുറിച്ച് പഠിച്ചാണ് ഇന്‍സ്റ്റിറ്റിയൂട്ട് സിലബസ് തയാറാക്കുക. ഏറെ വൈകാതെ ബമ്പര്‍ ജേതാക്കള്‍ക്കായുള്ള ക്ലാസ് കേരള സര്‍ക്കാര്‍ തുടങ്ങും. അനൂപ് ആദ്യ ബാച്ചിലെ വിദ്യാര്‍ഥിയാവും.