റിയാദ് - യുദ്ധത്തടവുകാരുടെ കൈമാറ്റത്തിന് മധ്യസ്ഥശ്രമം വഹിച്ച സൗദി കിരീടാവകാശിക്ക് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവന്‍ നന്ദി പറഞ്ഞു. തടവുകാരുടെ കൈമാറ്റത്തില്‍ രണ്ടു അമേരിക്കന്‍ പൗരന്മാരെ കൂടി ഉള്‍പ്പെടുത്താന്‍ പ്രവര്‍ത്തിച്ച സൗദി കിരീടാവകാശിക്കും സൗദി ഗവണ്‍മെന്റിനും നന്ദി പറയുന്നതായി ജെയ്ക് സുള്ളിവന്‍ ട്വീറ്റ് ചെയ്തു. ഏതു രാജ്യക്കാരാണ് എന്ന് നോക്കാതെ മുഴുവന്‍ യുദ്ധത്തടവുകാരെയും ചര്‍ച്ചകളില്‍ ഉക്രൈന്‍ ഉള്‍പ്പെടുത്തിയതിനെ അമേരിക്ക വിലമതിക്കുന്നതായി വിദേശ മന്ത്രി ആന്റണി ബ്ലിങ്കനും പറഞ്ഞു. യുദ്ധത്തടവുകാരുടെ മോചനത്തിന് സഹായിക്കുകയും നേതൃത്വം വഹിക്കുകയും ചെയ്ത സൗദി അറേബ്യക്ക് നന്ദി പറയുന്നു. റഷ്യ വിട്ടയച്ച് സൗദി അറേബ്യക്ക് കൈമാറിയ അമേരിക്കന്‍ യുദ്ധത്തടവുകാരെ റിയാദ് അമേരിക്കന്‍ എംബസി സംഘം സ്വീകരിച്ചതായും ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
യുദ്ധത്തടവുകാരുടെ കൈമാറ്റം സാധ്യമാക്കുന്നതില്‍ സൗദി കിരീടാവകാശി വ്യക്തിപരമായി പങ്കാളിത്തം വഹിച്ചതായി അമേരിക്കന്‍ വിദേശ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നടത്തിയ ശ്രമങ്ങള്‍ക്ക് സൗദി കിരീടാവകാശിയോട് നന്ദിയുണ്ടെന്നും യു.എസ് വിദേശ മന്ത്രാലയ ഉദ്യോഗസ്ഥന്‍ ന്യൂയോര്‍ക്കില്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മകന്റെ മോചനത്തിന് ഇടപെട്ട എല്ലാവര്‍ക്കും നന്ദി പറയുന്നതായി റഷ്യ വിട്ടയച്ച് സൗദി അറേബ്യക്ക് കൈമാറിയ മൊറോക്കൊന്‍ വിദ്യാര്‍ഥി ഇബ്രാഹിം സഅ്ദൂനിന്റെ പിതാവ് അല്‍താഹിര്‍ സഅ്ദൂന്‍ പറഞ്ഞു. മകന്‍ വൈകാതെ സ്വദേശത്ത് തിരിച്ചെത്തും. സുരക്ഷിതമായ രാജ്യത്തിലാണ് മകന്‍ ഇപ്പോഴുള്ളത് എന്നതില്‍ തനിക്ക് ആശ്വാസമുണ്ട്. മുഴുവന്‍ അറബികളുടെയും മുസ്‌ലിംകളുടെയും രാജ്യമാണ് സൗദി അറേബ്യ എന്നും അല്‍താഹിര്‍ സഅ്ദൂന്‍ പറഞ്ഞു.