Sorry, you need to enable JavaScript to visit this website.

യു.എ.ഇ ഇഖാമ മറച്ചുവച്ചതിന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രിയെ അയോഗ്യനാക്കി

ഇസ്ലാമാബാദ്- യു.എ.ഇയിൽ വർക്ക് പെർമിറ്റ് (ഇഖാമ) ഉള്ളകാര്യം വെളിപ്പെടുത്താതെ 2013ൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഖവാജ ആസിഫിനെ പാർലമെന്റ് അംഗ്വത്തിൽ നിന്നും ഇസ്‌ലാമാബാദ് ഹൈക്കോടതി അയോഗ്യനാക്കി. വിദേശത്ത് തൊഴിൽ പെർമിറ്റുള്ള കാര്യം രഹസ്യമാക്കിവച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ച ഖവാജ ആസിഫിനെ അയോഗ്യനാക്കണെമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് പാർട്ടി നേതാവ് ഉസ്മാൻ ദർ സമർപ്പിച്ച ഹരജിയിൽ ഇസ്‌ലാമാബാദ് ഹൈക്കോടതി മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ഭരണഘടനയുടെ അനുച്ഛേദം 62, 63 പ്രകാരം ആസിഫിനെ അയോഗ്യനാക്കണമെന്നായിരുന്നു ഹരജി.

സത്യം മറച്ചു വച്ച ആസിഫ് സത്യസന്ധനല്ലെന്ന് കോടതി വ്യക്തമാക്കി. പാർലമെന്റ് അംഗത്വത്തിൽനിന്ന് അയോഗ്യനാക്കപ്പെട്ടതോടെ മന്ത്രി പദവിയും പാർട്ടി പദവികളും ആസിഫിന് നഷ്ടമാകും. ഇന്റർനാഷണൽ മെക്കാനിക്കൽ ആന്റ് ഇലക്ട്രിക്കൽ കൊ എന്ന കമ്പനിയുമായി ആസിഫ് ദീർഘകാല തൊഴിൽകരാറുണ്ടെന്നും 2011ൽ മുഴുസമയ ഉദ്യോഗസ്ഥനായാണ് ആസിഫിനെ കമ്പനി നിയമിച്ചതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. കരാർ പ്രകാരം ആസിഫിന് 35,000 യുഎഇ ദിർഹം അടിസ്ഥാന ശമ്പളവും 15,000 ദിർഹം അലവൻസായും പ്രതിമാസം ലഭിച്ചിരുന്നു. ഇക്കാര്യമാണ് ആസിഫ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ മറച്ചു വച്ചത്. 

മുൻ പ്രധാനമന്ത്രി നവാസ് ശരീഫിനെ അയോഗ്യനാക്കിയതിന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയ വിഷയവും ഇതു തന്നെയായിരുന്നുവെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. മക്കളുടെ കമ്പനിയിൽ പ്രവർത്തിക്കുന്നതിനുള്ള ഇഖാമയും ശമ്പളക്കാര്യവും മറച്ചുവച്ചതിനാണ് ശരീഫിനെ സുപ്രീം കോടതി കഴിഞ്ഞ വർഷം അയോഗ്യനാക്കിയത്.
 

Latest News