കുഷിനഗർ (യുപി)- ആളില്ലാ റെയിൽവേ ക്രോസിൽ സ്‌കൂൾ വാനും ട്രെയിനു കൂട്ടിയിടിച്ച് 13 കുട്ടികൾ കൊല്ലപ്പെട്ട സ്ഥലം സന്ദർശിക്കാനെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വൻ പ്രതിഷേധം. മുദ്രാവാക്യം വിളിച്ചെത്തിയ പ്രതിഷേധക്കാർ മുഖ്യമന്ത്രിയെ ദുരന്ത സ്ഥലം സന്ദർശിക്കുന്നതിൽനിന്ന് തടയാനും ശ്രമിച്ചു. ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പൂരിൽ നിന്നും 50 കിലോമീറ്ററോളം അകലെയാണ് അപകടമുണ്ടായ കുഷിനഗർ.
പ്രതിഷേധം കണ്ട് രോഷാകുലനായ ആദിത്യനാഥ് ഈ നാടകം അവസാനിപ്പിക്കണമെന്ന് മൈക്രോഫോണിലൂടെ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. മുദ്രാവാക്യം വിളികൾ നിർത്തൂ, നാടകം അവസാനിപ്പിക്കൂവെന്നാണ് അദ്ദേഹം പറഞ്ഞത്. സ്‌കൂൾ കുട്ടികൾ മരിക്കാനിടയായ സംഭവത്തിനെതിരെയായിരുന്നു ജനങ്ങളുടെ പ്രതിഷേധം.
ഇന്നു രാവിലെ ഉണ്ടായ അപകടത്തിൽ 13 കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇവരിലേറെ പേരും 10 വയസ്സിൽ താഴെ പ്രായമുള്ളവരായിരുന്നു. റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ അപകടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരിച്ച കുട്ടികളുടെ ബന്ധുക്കൾക്ക് സഹായധനമായി ഒരു ലക്ഷം രൂപയും പരിക്കേറ്റവർക്ക് അര ലക്ഷം രൂപയും വീതം റെയിൽവെ നൽകുമെന്നും മന്ത്രി അറിയിച്ചു. നേരത്തെ രണ്ടു ലക്ഷം രൂപയുടം ധനസഹായം സംസ്ഥാന സർക്കാരും പ്രഖ്യാപിച്ചിരുന്നു.