Sorry, you need to enable JavaScript to visit this website.

മാലിന്യത്തില്‍നിന്നു മനുഷ്യന്റെ കൈ ലഭിച്ച  സംഭവം: കൊലപാതകമെന്ന് പോലീസ്; മൂന്നുപേര്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍-വെള്ളക്കിണര്‍ പിരിവ് ഭാഗത്തെ മാലിന്യകേന്ദ്രത്തില്‍നിന്ന് യുവാവിന്റെ കൈയുടെഭാഗം കണ്ടെത്തിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ്. തുടിയല്ലൂര്‍ പോലീസിന്റെ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തില്‍ ഈറോഡ് സൂരംപട്ടി പ്രഭുവാണ് (39) കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. സംഭവത്തില്‍ കാമുകി കവിത (32), കാര്‍ത്തിക് (28), അമുല്‍ദിവാകര്‍ (34) എന്നിവരെ ബുധനാഴ്ച അറസ്റ്റുചെയ്തു. മൂന്നുപേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ബദരിനാഥ് പറഞ്ഞു. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള എട്ട് സംഘങ്ങളാണ് കേസ് അന്വേഷിച്ചത്.
ഈറോഡ് സ്വദേശിയായ പ്രഭു കോയമ്പത്തൂര്‍ ഗാന്ധിപുരത്ത് ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരനാണ്. ശരവണംപട്ടിയില്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്. ഈ വീടിനുസമീപം ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന കവിതയുമായി ഇയാള്‍ അടുപ്പത്തിലായി. എന്നാല്‍ പ്രഭു പലപ്പോഴും കവികയെ ഉപദ്രവിക്കുമായിരുന്നു. പ്രഭുവിന്റെ ശല്യം സഹിക്കാനാകാതെ കാമുകിയും സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണംചെയ്തത്. ഉപദ്രവം കൂടിയതോടെയാണ് പ്രഭുവിനെ കൊല്ലപ്പെടുത്തിയതെന്ന് കവിത പറഞ്ഞതായി പോലീസ് അറിയിച്ചു. സെപ്റ്റംബര്‍ 14ന് കാണണമെന്നുപറഞ്ഞ് കവിത തന്റെ ഗാന്ധിനഗറിലെ വീട്ടിലേക്ക് പ്രഭുവിനെ വിളിച്ചുവരുത്തി. തുടര്‍ന്ന് കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി ചാക്കില്‍ നിറച്ച് മേട്ടുപ്പാളയം ഭാഗത്ത് ഉപേക്ഷിക്കാന്‍ കൊണ്ടുപോയി. അവിടെ പോലീസിന്റെ സാന്നിധ്യം കണ്ടതോടെ ശ്രമം ഉപേക്ഷിച്ച് തുടിയല്ലൂര്‍ ഭാഗത്തേയ്ക്കുവന്നു. അവിടെ വില്ലേജ് ഓഫീസും ആശുപത്രിയും സ്ഥിതിചെയ്യുന്നസ്ഥലത്തിന് പിറകിലുള്ള കിണറ്റില്‍ പാതിയിലേറെ ശരീരഭാഗങ്ങളും വെള്ളക്കിണര്‍ പിരിവിലെ മാലിന്യ കേന്ദ്രത്തില്‍ ഇടതുകൈയുടെ ഭാഗവും ഉപേക്ഷിച്ചു.
സെപ്റ്റംബര്‍ 15ന് രാവിലെയാണ് മാലിന്യകേന്ദ്രത്തില്‍നിന്ന് യുവാവിന്റെ ഇടതുകൈയുടെ ഭാഗം കിട്ടിയത്. ശുചീകരണത്തൊഴിലാളികള്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് പ്രഭുവിന്റെ രണ്ടാം ഭാര്യ, തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നുപറഞ്ഞ് കാട്ടൂര്‍ പോലീസില്‍ പരാതിനല്‍കിയത്. സ്ഥിരമായി ഫോണില്‍ വിളിക്കാറുള്ള പ്രഭു 14നുശേഷം തന്നെ വിളിച്ചില്ലെന്നും മൊബൈല്‍ സ്വിച്ച് ഓഫ് ആണെന്നും പരാതിയിലുണ്ട്. ഇതോടെ സംശയംതോന്നിയ പോലീസ് ശാസ്ത്രീയ അന്വേഷണത്തിന് തുടക്കമിട്ടു. മാലിന്യകേന്ദ്രത്തില്‍നിന്നുകിട്ടിയ കൈ പ്രഭുവിന്റേതാണെന്ന് ഭാര്യ തിരിച്ചറിയുകയുംചെയ്തു.
ബ്യൂട്ടി പാര്‍ലറിലെ സി.സി.ടി.വി. പരിശോധനയില്‍ പ്രഭുവും കവിതയും തമ്മില്‍ ബന്ധമുള്ളതായി സൂചന ലഭിച്ചു. തുടര്‍ന്ന്, കവിതയെയും മറ്റുരണ്ടുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് കൊലപാതകവിവരം വെളിപ്പെടുന്നത്. തുടിയല്ലൂരിലെ കിണറ്റില്‍നിന്ന് തലയും കാലുമില്ലാത്ത ഉടലും വലതുകൈയുടെ ഭാഗങ്ങളും കിട്ടി. ഇനി തലയും കാലും കിട്ടാനുണ്ട്.
പെരിയനായിക്കന്‍പാളയം ഡി.എസ്.പി. നമശിവായത്തിന്റെ നേതൃത്വത്തിലുള്ള പോലീസ ്‌സംഘമാണ് അന്വേഷണം നടത്തുന്നത്. ബാക്കി ശരീരഭാഗങ്ങള്‍ വെള്ളലൂര്‍ മാലിന്യകേന്ദ്രത്തിലുണ്ടോയെന്നറിയാന്‍ തിരച്ചില്‍നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
 

Latest News