Sorry, you need to enable JavaScript to visit this website.

മുസ്‌ലിമായതിന് ആക്രമണത്തിനിരയായ ദളിത് യുവാവിനെ ബജ്‌റംഗ്ദൾ ഘർവാപസി നടത്തി

ലഖ്‌നൗ- ഇസ്‌ലാം സ്വീകരിച്ചുവെന്നാരോപിച്ച് തീവ്രഹിന്ദുത്വവാദികൾ ആക്രമിച്ച യുവാവിനെ ഘർവാപസി നടത്തി പൂർവമതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതായി സംഘപരിവാർ സംഘടനയായ ബജ്‌റംഗ്ദൾ. യു.പിയിലെ ഷംലി ജില്ലക്കാരനായ പവൻ കുമാർ എന്ന ദളിത് യുവാവിനെ തിങ്കളാഴ്ചയാണ് ബജ്‌റംഗ്ദൾ പ്രവർത്തകർ വീട്ടിൽ അതിക്രമിച്ചെത്തി തല്ലിച്ചതച്ചത്. ഈ സംഭവത്തിന്റെ വീഡിയോ വൈറലായിരുന്നു. പവൻ കുമാറിന്റെ തലയിലെ തൊപ്പി വലിച്ചൂരുന്നതും മർദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഈ സംഭവത്തിനു ശേഷമാണ് പവൻ കുമാറിനെ മുൻ മതത്തിലേക്കു തന്നെ തിരിച്ചു കൊണ്ടുവന്നതായും ഇനിയുള്ള കാലം ഹിന്ദു മതത്തിൽ തന്നെ തുടരുമെന്ന് പ്രതിജ്ഞ എടുത്തതായും അറിയിച്ച് ബജ്‌റംഗ്ദൾ രംഗത്തെത്തിയത്. തിങ്കളാഴ്്ച രാത്രി പവൻ കുമാറിന്റെ വീട്ടിലെത്തി അദ്ദേഹത്തെ കൗൺസിലിങ് നടത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തി പുനർമതപരിവർത്തനം നടത്തിയതായി ബജ്‌റംഗ്ദൾ നേതാവ് വിവേക് പ്രേമി പറഞ്ഞു. ജോലിയും വിവാഹ വാഗ്ദാനവും നൽകിയ ചിലർ അദ്ദേഹത്തെ മതം മാറ്റിയതാണെന്ന് പ്രേമി ആരോപിച്ചു. ബാർബറെ വിളിച്ചു കൊണ്ടു വന്ന് പവൻ കുമാറിന്റെ താടി വടിപ്പിച്ചെന്നും പ്രേമി പറഞ്ഞു. 

ആൾക്കൂട്ട മർദ്ദനത്തിനിരയായെങ്കിലും പവൻ കുമാർ പോലീസിൽ പരാതിപ്പെട്ടിട്ടില്ല. സംഭവമറിഞ്ഞ് പോലീസ് പവൻ കുമാറിനെ ബന്ധപ്പെട്ടെങ്കിലും പരാതി നൽകാൻ അദ്ദേഹം തയാറായിട്ടില്ലെന്ന് പോലീസ് പറയുന്നു. മൂന്ന് ആഴ്ച മുമ്പാണ് പവൻ കുമാർ ഇസ്‌ലാം സ്വീകരിച്ചത്. ഇതിനു ശേഷം തൊപ്പി ധരിച്ചും താടി വളർത്തിയുമായിരുന്നു വെൽഡറായി ജോലി ചെയ്യുന്ന പവൻ കുമാറിന്റെ നടപ്പ്. ഇത് പ്രദേശത്തെ ഹിന്ദുത്വ തീവ്രവാദ സംഘടനകളിൽ പ്രവർത്തിക്കുന്നവരെ ചൊടിപ്പിക്കുകയായിരുന്നു. ചില തീവ്രവാദ സംഘടനകൾ ദളിത് യുവാവിനെ ആക്രമിച്ച സംഭവം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നുവെന്നും യുവാവുമായി ബന്ധപ്പെട്ടെങ്കിലും പരാതി നൽകിയില്ലെന്നും അഡീഷണൽ എസ് പി ശ്ലോക് കുമാർ പറഞ്ഞു. ചൊവ്വാഴ്ച വിളിപ്പിച്ചിരുന്നെങ്കിലും പവൻ കുമാർ എത്തിയില്ല. ഒരു നിയമ നടപടിക്കുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ബുധനാഴ്ചയും ബന്ധപ്പെട്ടെങ്കിലും അദ്ദേഹത്തെ ലഭിച്ചില്ലെന്നും പോലീസ് പറഞ്ഞു.

അതേസമയം, പവൻ കുമാർ ഇസ്‌ലാമിലേക്ക് മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് ഷംലി ജില്ലാ പോലീസ് മേധാവി ദേവ് രഞ്ജൻ വർമ പറഞ്ഞു. താനൊരിക്കലും മതം മാറിയിട്ടില്ലെന്നും ഇഷ്ടം കൊണ്ടാണ് തൊപ്പിയും താടിയും വെച്ചതെന്നുമാണ് പവൻകുമാർ പറഞ്ഞതെന്ന് പോലീസ് മേധാവി പറഞ്ഞു.

യുവാവിനെ മർദിച്ചിട്ടില്ലെന്നാണ് ബജ്‌റംഗ്ദൾ നേതാവായ വിവേക് പ്രേമി പറയുന്നത്. എന്നാൽ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പവൻ കുമാറിനെ ആക്രമിച്ചതെന്ന ആരോപണവുമുണ്ട്്. 2015ൽ മുസ്‌ലിം യുവാവിനെ മർദ്ദിക്കുകയും മുഖത്ത് കരിവാരിത്തേച്ച് ചന്തയിലൂടെ നടത്തിക്കുകയും ചെയ്ത് കേസിൽ പോലീസ് വിവേക് പ്രേമിയെ അറസ്റ്റ് ചെയ്തിരുന്നു. പശുക്കുട്ടിയെ അറുക്കാൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു മുഹമ്മദ് റിയാസ് എന്ന 42കാരനെ വിവേകും സംഘവും മർദ്ദിച്ചത്. വിവേക് പ്രേമിയുടെ പ്രവർത്തനങ്ങൾ പ്രദേശത്ത് വർഗീയ സംഘർഷങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടം ഇയാളെ ദേശീയ സുരക്ഷാ നിയമത്തിന്റെ നിയന്ത്രണത്തിലാക്കിയിരുന്നു. 2016 ജനുവരിയിൽ കേന്ദ്ര സർക്കാർ ഇടപെട്ടാണ് വിവേക് പ്രേമിക്കെതിരായ ഉത്തരവ് എടുത്തുകളഞ്ഞത്.
 

Latest News