ന്യൂദൽഹി- ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജസ്റ്റീസായി നിയമിക്കാനുള്ള കൊളീജിയത്തിന്റെ ശുപാർശ കേന്ദ്ര സർക്കാർ തള്ളി. സീനിയോറിറ്റി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൂടുതൽ വ്യക്തത തേടിയാണ് ഫയൽ മടക്കിയത്. ഇക്കാര്യത്തിൽ കൊളീജിയം ന്യായമായ പരിശോധന നടത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. തികച്ചും അസാധാരണമായ നീക്കമാണ് കേന്ദ്രസർക്കാർ നടത്തിയത്.
ഫയൽ മടക്കിയതിനെതിരെ സുപ്രീം കോടതി ബാർ അസോസിയേഷൻ രംഗത്തെത്തി. കേന്ദ്ര നടപടിക്കെതിരെ അസോസിയേഷൻ ഇന്ന് തന്നെ ഹരജി നൽകും. ഇന്നു തന്നെ ഹരജി പരിഗണിക്കണമെന്നും ആവശ്യപ്പെടും.
അതിനിടെ, ഫയൽ മടക്കിയതിനെതിരെ കേന്ദ്രം രംഗത്തെത്തി. സുപ്രീം കോടതിയുടെ കൊളീജിയത്തിന് മുകളില്ലല്ല കേന്ദ്ര സർക്കാറെന്ന് കോൺഗ്രസ് നേതാവ് പി.ചിദംബരം പറഞ്ഞു. ജുഡീഷ്യറിയിൽ കേന്ദ്രം അനാവശ്യമായ ഇടപെടലുകൾ നടത്തുകയാണെന്നും ചിദംബരം ആരോപിച്ചു. സുപ്രീം കോടതി ജസ്റ്റീസായി കൊളീജിയം നിർദ്ദേശിച്ച ഇന്ദുമൽഹോത്രയുടെ സത്യപ്രതിജ്ഞ നീട്ടിവെക്കണമെന്ന് മുതിർന്ന അഭിഭാഷകരും ആവശ്യപ്പെട്ടു.
സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്ത രണ്ടുപേരിൽ ഒരാളുടെ നിയമനം മാത്രം അംഗീകരിച്ച കേന്ദ്ര നടപടിക്കെതിരെയാണ് പ്രതിഷേധം ശക്തമായത്.