ഹൈദരാബാദ്- മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയെ സ്ഥിരം അധ്യക്ഷനാക്കിയെന്ന ആരോപണത്തിൽ ആന്ധ്രാപ്രദേശ് ഭരണകക്ഷിയായ വൈ.എസ്.ആർ കോൺഗ്രസിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. പാർട്ടിയിലെ ഏതെങ്കിലും പോസ്റ്റിൽ ഒരാൾ ആജീവനാന്ത പദവി വഹിക്കുന്നതോ അതിനുള്ള ശ്രമം നടത്തുന്നതോ ജനാധിപത്യ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വൈ.എസ്.ആർ കോൺഗ്രസിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തു നൽകി. പാർട്ടി പദവികളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആനുകാലികത നിഷേധിക്കുന്ന ഏതൊരു നടപടിയും കമ്മീഷന്റെ നിലവിലുള്ള നിർദ്ദേശങ്ങളുടെ പൂർണ്ണമായ ലംഘനമാണെന്ന് കത്തിൽ പറയുന്നു.
ഓരോ പാർട്ടികളും നിശ്ചിത കാലാവധിക്കുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശം. സ്ഥിരമായി തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ പാർട്ടിയുടെ അംഗീകാരം റദ്ദാക്കാൻ വ്യവസ്ഥയുണ്ട്.
2022 ജൂലൈ 19 മുതൽ വൈ.എസ്.ആർ കോൺഗ്രസിന് കുറഞ്ഞത് അഞ്ച് നോട്ടീസുകളെങ്കിലും അയച്ചിട്ടുണ്ടെന്നും പാർട്ടി പ്രതികരിക്കുന്നതിൽ കാലതാമസം വരുത്തുകയാണെന്നും ഇത് ആരോപണത്തിന് വിശ്വാസ്യത കൂട്ടുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു.
ആഗസ്റ്റ് 23 ന്, വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയെ പ്രസിഡന്റായി തിരഞ്ഞെടുത്തുവെന്ന് പാർട്ടി നൽകിയ മറുപടിക്കത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, അദ്ദേഹത്തെ 'സ്ഥിര പ്രസിഡണ്ട്' ആക്കി എന്ന ആരോപണത്തെക്കുറിച്ച് പ്രതികരിച്ചില്ല.