ദോഹ- നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 23 വരെ ഖത്തര്‍ വിസിറ്റ് വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നവംബര്‍ ഒന്നു മുതല്‍ ഹയ്യാ കാര്‍ഡുള്ളവര്‍ക്ക് മാത്രമേ രാജ്യത്തേക്ക് പ്രവേശനമുണ്ടാവുകയുള്ളൂവെന്ന് കഴിഞ്ഞ മാസം തന്നെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും മന്ത്രാലയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 23 വരെ എല്ലാതരം വിസിറ്റ് വിസകളും നിര്‍ത്തിവെക്കുമെന്നും കര,കടല്‍ വ്യോമ മാര്‍ഗങ്ങളിലൂ
ടെയുള്ള പ്രവേശനം ഹയ്യ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമായിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ലോക കപ്പ് സമയത്ത് ഖത്തറിലെത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
ഇത് സന്ദര്‍ശക വിസക്കാര്‍ക്ക്് മാത്രമാണ് ബാധകമാവുകയെന്നും ഖത്തറില്‍ താമസവിസയുള്ളവര്‍ക്കും ഖത്തര്‍ പൗരന്‍മാര്‍ക്കും ഖത്തര്‍ ഐ.ഡി.യുള്ള ജി.സി.സി പൗരന്‍മാര്‍ക്കും നിയന്ത്രണം ബാധകമാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
വ്യക്തിഗത റിക്രൂട്ട്‌മെന്റ് വിസക്കാര്‍ക്കും എന്‍ട്രി പെര്‍മിറ്റുകളുള്ളവര്‍ക്കും ഇളവുകളുണ്ടാവും.ഔദ്യോഗിക ആപ്ലിക്കേഷന്‍ പ്ലാറ്റ്‌ഫോമില്‍ നിന്നുള്ള അംഗീകാരം ലഭിച്ചാല്‍ പ്രത്യേക മാനുഷിക പരിഗണന ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ക്കും വിമാനത്താവളം വഴിയുള്ള പ്രവേശനം അനുവദിക്കും.
ഡിസംബര്‍ 23 മുതല്‍ സന്ദര്‍ശന വിസകള്‍ അനുവദിക്കാന്‍ തുടങ്ങും.
ഹയ്യ കാര്‍ഡ് ഉള്ളവര്‍ക്ക് നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 23 വരെ രാജ്യത്ത് പ്രവേശിക്കാമെന്നും ജനുവരി 23 വരെ രാജ്യത്ത് താമസിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി.