രാജ്ഗഢ്- മധ്യപ്രദേശില്‍ അറസ്റ്റിലായ അഞ്ച് മുസ്ലിംകളെ താടി വടിക്കാന്‍ നിര്‍ബന്ധിച്ച ജയില്‍ ഉദ്യോഗസ്ഥരുടെ നടപടി വിവാദമായി. രാജ്ഗഢ് ജില്ലാ ജയിലില്‍ നടന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മധ്യപ്രദേശിലെ ഉന്നത ജയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇവരെ ജയിലില്‍വെച്ച് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചുവെന്ന് കോണ്‍ഗ്രസ് എം.എല്‍.എയും കസ്റ്റഡി പീഡനമാണ് നടന്നിരിക്കുന്നതെന്ന് ആള്‍ ഇന്ത്യ മജ് ലിസെ ഇത്തിഹാദുല്‍ മുസ്ലിമീനും ആരോപിച്ചു.
കലീം ഖാന്‍, താലിബ് ഖാന്‍, ആരിഫ് ഖാന്‍, സല്‍മാന്‍ ഖാന്‍ എന്ന ഭോല, വാഹിദ് ഖാന്‍ എന്നിവരെ കഴിഞ്ഞ 13 നാ് റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് അയച്ചത്. പൊതുസമാധാനത്തിനു വെല്ലുവിളി ഉയര്‍ത്തിയെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരുന്നത്. സെപ്റ്റംബര്‍ 15 ന് ഇവര്‍ക്ക് ജാമ്യം ലഭിച്ചു.
ഭോപ്പാല്‍ കോണ്‍ഗ്രസ് എം.എല്‍.എ ആരിഫ് മസൂദിനോടൊപ്പം അഞ്ച് പേരും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയെ കണ്ട് പരാതി നല്‍കി.
താടിവടിപ്പിച്ച ജില്ലാ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മസൂദ് ആവശ്യപ്പെട്ടു. സംഭവത്തില്‍ നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി മസൂദ് വാര്‍ത്താ ലേഖകരോട് പറഞ്ഞു.
താടി വടിക്കാനുള്ള സൗകര്യം ജയിലിലുണ്ടെന്നും അവരുടെ ആവശ്യപ്രകാരമായിരിക്കാം താടിവടിച്ചതെന്നും ആരോപണ വിധേയനായ ജില്ലാ ജയിലര്‍ എസ്.എന്‍. റാണ പറഞ്ഞു. ജയിലില്‍ ഇപ്പോള്‍ താടിയുള്ള എട്ടുപത്ത് മുസ്ലിം തടവുകാരുണ്ടെന്നും അദ്ദേഹം പറയുന്നു.
സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്നും ജയില്‍ ഡി.ഐ.ജി എം.ആര്‍. പട്ടേല്‍ പറഞ്ഞു.