ന്യൂദൽഹി -സുപ്രീം കോടതി ജഡ്ജിമാരായി കൊളീജിയം നിർദേശിച്ച മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്രയെ നിയമിക്കുന്നതിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചു. അതേസമയം ഇവർക്കൊപ്പം പട്ടികയിലുൾപ്പെട്ട ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിന്റെ സുപ്രീം കോടതിയിലേക്കുള്ള സ്ഥാനക്കയറ്റം സംബന്ധിച്ച് കേന്ദ്ര സർക്കാർ മൗനം തുടരുകയാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സുപ്രീം കോടതി കൊളീജിയം ജനുവരി 10നാണ് ഈ രണ്ടു പേരുകളും നിർദേശിച്ചത്. എന്നാൽ ഇവരുടെ നിയമനം നടപ്പിലാക്കേണ്ട കേന്ദ്ര സർക്കാർ ഇതു സംബന്ധിച്ചു തീരുമാനമെടുക്കാതെ മാറ്റിവച്ചത് കടുത്ത വിമർശനങ്ങൾക്കിടയാക്കിയിരുന്നു. ഇതിനിടെയാണ് ഇന്ദു മൽഹോത്രയെ മാത്രം നിയമിക്കാനുള്ള സർക്കാർ തീരുമാനം വന്നിരിക്കുന്നത്.
ഉത്തരാഖണ്ഡിൽ 2016ൽ രാഷ്ട്രപതി ഭരണം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ ഉത്തരവ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫ് റദ്ദാക്കിയിരുന്നു. ഇതാണ് കേന്ദ്ര സർക്കാരിന് ജസ്റ്റിസ് ജോസഫിനോടുള്ള വിരോധത്തിനു കാരണമെന്ന ആക്ഷേപവും ഉണ്ട്. നേരത്തെ ജസ്റ്റിസ് ജോസഫിനെ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റാനുള്ള കൊളീജിയം നിർദേശവും കേന്ദ്ര സർക്കാർ തള്ളിയിരുന്നു. ഇതിനു ശേഷമാണ് ജസ്റ്റിസ് ജോസഫിനെ സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം നൽകി കൊളീജിയം ശുപാർശ വന്നത്. ഇതും കേന്ദ്ര സർക്കാർ വച്ചു താമസിപ്പിക്കുകയാണ്. നിയമ മന്ത്രാലയമാണ് നിയമനം സംബന്ധിച്ച തുടർ നടപടികൾ സ്വീകരിക്കേണ്ടത്. ജസ്റ്റിസ് ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള ശുപാർശ സർക്കാർ തിരിച്ചയച്ചാൽ ഈ പേര് തന്നെ കൊളീജിയത്തിന് വീണ്ടും ശുപാർശ ചെയ്യാൻ കഴിയും. ഇങ്ങനെ വന്നാൽ അദ്ദേഹത്തെ നിയമിക്കാൻ സർക്കാർ നിർബന്ധിതരാകും.
ഈ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി കൊളീജിയവും കേന്ദ്ര സർക്കാരും ഏറ്റുമുട്ടലിലാണ്. ഈ ശുപാർശയിൽ തീരുമാനമാകാതെ കൂടുതൽ ജഡ്ജിമാരെ നിയമിക്കേണ്ടതില്ലെന്ന നിലപാടിലാണ് സുപ്രീം കോടതി. എന്നാൽ ജഡ്ജിമാരുടെ സീനിയോറിറ്റി, പ്രാദേശിക പ്രാതിനിധ്യം എന്നീ രണ്ടു കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ നിയമനം വച്ചു താമസിപ്പിക്കുന്നത്.
ബി.ജെ.പി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നയുടൻ മുതിർന്ന അഭിഭാഷകൻ ഗോപാൽ സുബ്രമണ്യത്തെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശുപാർശ തള്ളിയിരുന്നു. 2002ലെ ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട സജീവമായി രംഗത്തുണ്ടായിരുന്നതാണ് കാരണം.