ബെംഗളുരു- ബെംഗളൂരുവിലെ കുപ്രസിദ്ധമായ ട്രാഫിക് കുരുക്ക് സംബന്ധിച്ചുള്ള വ്യത്യസ്തമായ കുറിപ്പ് ചിരിക്കാനും ചിന്തിക്കാനും വഴിയൊരുക്കുന്നു. ബെംഗളൂരുവിലെ ട്രാഫിക്കില്‍ വിരിഞ്ഞ ഒരു പ്രണയകഥയാണ് ട്വിറ്ററില്‍ തരംഗമാകുന്നത്. റെഡ്ഡിറ്റില്‍ ഷെയര്‍ ചെയ്യപ്പെട്ട സ്‌റ്റോറി ട്വിറ്ററില്‍ ഒരാള്‍ പങ്കുവച്ചപ്പോള്‍, ആ കഥ കത്തിക്കയറുകയാണ്. സ്‌റ്റോറിയുടെ ഉള്ളടക്കം ഇതാണ്. ഈ ട്രാഫിക്കില്‍ നിന്നാണ് ഞാനെന്റെ ഭാര്യയെ കണ്ടെത്തിയതെന്ന് ഒരാള്‍ കുറിപ്പില്‍ പറയുന്നു. സോണി വേള്‍ഡ് സിഗ്‌നലിന് സമീപം വച്ചാണ് താന്‍ തന്റെ ഭാര്യയെ കണ്ടെത്തിയത്. അന്ന് വെറും സുഹൃത്തായിരുന്ന തന്റെ ഭാര്യയെ ഇറക്കിവിടാന്‍ പോയതായിരുന്നു. നിര്‍മാണത്തിലിരുന്ന ഈജിപ്പുര മേല്‍പ്പാലം മൂലമുണ്ടായ ഗതാഗതക്കുരുക്കില്‍ ഞങ്ങള്‍ കുടുങ്ങി.
കടുത്ത നിരാശയും, വിശപ്പും മൂലം ഗതിയില്ലാതെ, മറ്റൊരു വഴിയിലൂടെ പോയി ഭക്ഷണം കഴിച്ച് വിശപ്പടക്കി. ആ ഭക്ഷണം കഴിപ്പ് മതിയായിരുന്നു ഞങ്ങള്‍ക്കിടയില്‍ 'സ്പാര്‍ക്ക്' ഉണ്ടാക്കാന്‍. തുടര്‍ന്ന് മൂന്നു വര്‍ഷം ഞാന്‍ അവളുമായി ഡേറ്റ് ചെയ്തു. ഇപ്പോള്‍ വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷമായി. എന്നാല്‍ 2.5 കിലോമീറ്റര്‍ മാത്രമുള്ള മേല്‍പ്പാലം നിര്‍മാണം ഇപ്പോഴും തുടരുകയാണ്.
ആയിരങ്ങള്‍ ലൈക്ക് ചെയ്ത ട്വീറ്റ് നിരവധി പേര്‍ റീട്വീറ്റ് ചെയ്തു. നിരവധിപേര്‍ പല തരത്തിലുള്ള അനുഭവങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ആ മേല്‍പ്പാല നിര്‍മാണ കാലത്ത് ഞാന്‍ അവിടെയുണ്ടായിരുന്നെന്നും അത് എനിക്ക് ബന്ധിപ്പിക്കാന്‍ കഴിയുന്ന അനുഭവമാണെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു. കൂടുതല്‍ പേര്‍ പ്രണയത്തിലാകാന്‍ അവര്‍ മേല്‍പ്പാലം പണി അവര്‍ നിര്‍ത്തിവച്ചതാണോ എന്നാണ് മറ്റൊന്ന്. ഈ മേല്‍പ്പാലം എത്ര പേരുടെ വിവാഹത്തിന് കാരണമായിക്കാണും, മഹത്തരം എന്നാണ് മറ്റൊരു പ്രതികരണം.