ന്യൂദല്‍ഹി- തെരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിച്ച കര്‍ണാടകയില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടക കൊള്ളയടിച്ചവരെ വീണ്ടും നിയമസഭയിലെത്തിക്കാനാണു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. യെദ്യൂരപ്പയും റെഡ്ഡി സഹോദരന്‍മാരും കര്‍ണാടകയെ കൊള്ളയടിച്ചവരാണ്. ഇവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. ഇത്തരത്തിലുള്ള എട്ടു പേരെ ജയിലില്‍ നിന്നും വീണ്ടും നിയമസഭയിലെത്തിക്കാനാണ് പ്രധാനമന്ത്രി മോഡി ശ്രമിക്കുന്നത്. ഇത് സംസ്ഥാനത്തിനു തന്നെ നാണക്കേടാണെന്ന് രാഹുല്‍ ട്വീറ്റിലൂടെ വിമര്‍ശിച്ചു.
അനധികൃത ഖനനക്കേസിലും അഴിമതിക്കേസിലും ഉള്‍പ്പെട്ട റെഡ്ഡി സഹോദരന്‍മാര്‍ക്കും അനുയായികള്‍ക്കും ബിജെപി സീറ്റ് നല്‍കിയിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമര്‍ശനം. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ യെദ്യൂരപ്പ അഴിമതിക്കേസില്‍ ഉള്‍പ്പെട്ട് 2011-ല്‍ മുഖ്യമന്ത്രി പദിവി രാജിവയ്‌ക്കേണ്ടി വന്നയാളാണ്. സിബിഐ അറസ്റ്റ് ചെയ്ത യെദ്യൂരപ്പയെ 2016-ല്‍ കോടതി വെറുതെ വിട്ടിരുന്നു. ബെല്ലാരിയിലെ കോടീശ്വരന്‍മാരായ ഖനി മുതലാളിമാരാണ് റെഡ്ഡി സഹോദരന്മാര്‍. മുന്‍ ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ജനാര്‍ധന റെഡ്ഡിയടക്കം നിരവധി പേര്‍ അനധികൃത ഖനനക്കേസില്‍ സിബിഐ അറസ്റ്റിലായവരാണ്. ഈ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ജനാര്‍ധന്‍ റെഡ്ഡി കഴിഞ്ഞ ദിവസം ബിജെപി സ്ഥാനാര്‍ത്ഥി ശ്രീരാമുലുവിനു വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു.