ജയ്പുര്‍- കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി മത്സരിച്ചേക്കില്ലെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ നിര്‍ണായക നീക്കങ്ങളുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോത്ത്. ചൊവ്വാഴ്ച വൈകുന്നേരം രാജസ്ഥാനിലെ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം വിളിച്ചു ചേര്‍ത്ത ഗെഹലോത്ത്, ബുധനാഴ്ച സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബുധനാഴ്ച ദല്‍ഹിയിലെത്തി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാകും രാഹുലിനെ കാണാനും ചര്‍ച്ചകള്‍ക്കുമായി ഗെഹലോത്ത് കൊച്ചിയിലേക്ക് തിരിക്കുക. അശോക് ഗെഹലോത്തിന്റെയും ശശി തരൂരിന്റെയും പേരുകളാണ് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മുന്നിട്ടുനില്‍ക്കുന്നത്.
രാജസ്ഥാന്‍ കോണ്‍ഗ്രസിലെ തന്റെ എതിരാളി സച്ചിന്‍ പൈലറ്റ് സംസ്ഥാനത്തില്ലാത്തപ്പോഴാണ് ഗെഹലോത്ത് എം.എല്‍.എമാരുടെ യോഗം വിളിച്ചു ചേര്‍ത്തത് എന്ന കാര്യം ശ്രദ്ധേയമാണ്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ നിലവില്‍ കൊച്ചിയിലാണ് സച്ചിന്‍ പൈലറ്റ് ഉള്ളത്. രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ഗെഹലോത്ത്-പൈലറ്റ് കൊമ്പുകോര്‍ക്കല്‍ ഹൈക്കമാന്‍ഡ് ഇടപെടലിന് പിന്നാലെയാണ് ശമിച്ചത്.