തൊടുപുഴ- ഇടുക്കി വണ്ടിപ്പെരിയാറിനു സമീപം വാളാഡി പുതുവല്‍ ഭാഗത്തെ ജനങ്ങളുടെ ഉറക്കം കെടുത്തിയിരുന്ന പുലി ഒടുവില്‍ കൂട്ടിലായി. പുലിയെ പിടികൂടാന്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി വീണത്. വളര്‍ത്തു മൃഗങ്ങളെ പിടികൂടുന്നത് പതിവായതോടെയാണ് വനംവകുപ്പ് പുലിയെ പിടികൂടാന്‍ കൂട് സഥാപിച്ചത്. കഴിഞ്ഞ മാസം ആദ്യം വാളാഡി പുതുവല്‍ ഭാഗത്ത് രണ്ട് ആടുകളെയും ഒരു വളര്‍ത്തു നായയെയും പുലി പിടിച്ചിരുന്നു. പ്രദേശത്ത് പല ഭാഗത്തായി പലരും പുലിയെ കാണുകയും ചെയ്തു. തുടര്‍ന്ന് വനംവകുപ്പിന്റെ കുമളി റേഞ്ചില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തി ക്യാമറ ട്രാപ്പ് സ്ഥാപിച്ച് പുള്ളിപുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. പുലിയുടെ ആക്രമണം പേടിച്ച് നാട്ടുകാരുടെ ആവശ്യപ്രകാരം പുലിയെ പിടിക്കാനായി വനം വകുപ്പ് കൂടും സ്ഥാപിച്ചു. കൂട് സ്ഥാപിച്ച് പതിമൂന്ന് ദിവസത്തിനു ശേഷം ഇന്നലെ രാത്രിയോടെ പുലി കൂട്ടിലകപ്പെടുകയായിരുന്നു. ജനവാസമേഖലയില്‍ നിന്നും 50 മീറ്റര്‍ മാത്രം അകലെയാണ് കൂട് സ്ഥാപിച്ചിരുന്നത്. മൂന്ന് വയസ്സോളം പ്രായമുള്ള പുലിയാണ് വനം വകുപ്പിന്റെ കെണിയില്‍ കുടുങ്ങിയത്. പ്രദേശത്ത് കൂടുതല്‍ പുലികളുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. തേക്കടിയില്‍ നിന്നും കോട്ടയത്തു നിന്നുമുള്ള വനംവകുപ്പ് വെറ്റിനറി ഡോക്ടര്‍മാര്‍ സ്ഥലത്തെത്തി പുലിയെ പരിശോധിച്ചു. ആവശ്യമായ ചികിത്സ നല്‍കിയ ശേഷം പെരിയാര്‍ കടുവ സങ്കേതത്തിലെ വനമേഖലയില്‍ പുലിയെ തുറന്നു വിട്ടു.