Sorry, you need to enable JavaScript to visit this website.

ഹിജാബ് വിവാദം കരുതിക്കൂട്ടിയുള്ള വിദ്വേഷമെന്ന് സുപ്രീം കോടതിയില്‍ വാദം

ന്യൂദല്‍ഹി- ഹിജാബ് ധരിക്കുന്നത് വ്യക്തിത്വത്തിന്റെ ഭാഗമാണെന്നും മതപരമായ അവകാശങ്ങള്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന സംരക്ഷണം ഉറപ്പു വരുത്തണമെന്നും പരാതിക്കാര്‍ സുപ്രീംകോടതിയില്‍.
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിനെതിരേ നല്‍കിയ ഹരജികളില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും സുപ്രീംകോടതിയില്‍ വാദം തുടര്‍ന്നു. പരാതിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ദവേയാണ് വാദം ഉന്നയിച്ചത്.
    സിഖ് വിഭാഗം തലപ്പാവ് ധരിക്കുന്നത് പോലെ ഹിജാബ് ധരിക്കുന്ന് മുസ്ലിം പെണ്‍കുട്ടികള്‍ക്കും പ്രധാനമാണ്. അതില്‍ എന്താണ് തെറ്റുള്ളത്. അതവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്. ചിലര്‍ തിലകം ചാര്‍ത്താന്‍ ആഗ്രഹിക്കുന്നു. മറ്റു ചിലര്‍ കുരിശ് ധരിക്കാന്‍ ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും എല്ലാത്തിനും അവകാശങ്ങളുണ്ട്. അതാണ് സാമൂഹിക ജീവിതത്തിന്റെ സൗന്ദര്യമെന്നും ദവേ ചൂണ്ടിക്കാട്ടി.
    ഇന്ത്യയുടെ മത, സാംസ്‌കാരിക വൈവിധ്യങ്ങള്‍ക്ക് അനുസൃതമായി മതപരമായ അവകാശങ്ങള്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന സംരക്ഷണം ലഭിക്കണം. മുസ്ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കുന്നത് കൊണ്ട് മറ്റൊരാളുടെ വികാരം വൃണപ്പെട്ടു എന്നു പറയാനാകില്ല. ഹിജാബ് അവരുടെ വ്യക്തിത്വത്തിന്റെ തന്നെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുമ്പ് ലൗ ജിഹാദിനെ ചൊല്ലിയായിരുന്നു വിവാദങ്ങള്‍. പിന്നീടത് മുസ്ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കുന്നത് സംബന്ധിച്ചായി. ഇത് ന്യൂനപക്ഷ സമുദായങ്ങളെ പാര്‍ശ്വവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. മതപരമായ ആചാരങ്ങള്‍ വ്യക്തിഗതമാണെന്നും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്കുണ്ടെന്ന് ഭരണഘടനയിലെ 19, 21 വകുപ്പുകളില്‍ വിശദമാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസില്‍ നാളെയും ദവേ പരാതിക്കാരുടെ വാദങ്ങള്‍ സുപ്രീംകോടതിക്കു മുന്നില്‍ അവതരിപ്പിക്കും.
    അയ്യായിരത്തോളം വര്‍ഷങ്ങളിലായി ഇന്ത്യയില്‍ വിവിധ വിശ്വാസ സമൂഹങ്ങള്‍ സാഹോദര്യത്തിലും ഐക്യത്തിലും കഴിഞ്ഞു വരുന്നു. അയ്യായിരം വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവിധ മതവിശ്വാസങ്ങള്‍ ഇന്ത്യയിലേക്ക് കടന്നു വന്നിട്ടുമുണ്ട്. ഹൈന്ദവ, ബുദ്ധ, ജൈന മത വിശ്വാസങ്ങള്‍ ഇന്ത്യയില്‍ തന്നെ ഉടലെടുത്തതാണ്. ഇസ്ലാം മതവിശ്വാസം മറ്റൊന്നിനെയും കീഴടക്കാതെ തന്നെ ഇന്ത്യയില്‍ സ്വീകരിക്കപ്പെട്ടതാണ്. ബ്രിട്ടീഷുകാരൊഴികെ വിവിധ വിഭാഗങ്ങള്‍ കീഴടക്കലുകളില്ലാതെ കടന്നു വന്ന ഏക സ്ഥലവും ഇന്ത്യ തന്നെയാണ്. നാനാത്വത്തിലും വൈവിധ്യത്തിലും അധിഷ്ഠിതമായ ഒരു സ്വതന്ത്ര പാരമ്പര്യത്തിന് മുകളില്‍ കെട്ടിപ്പടുത്ത ഒരു രാജ്യമാണ് ഇന്ത്യയെന്നും ഇന്നലെ വാദത്തിനിടെ ദവേ ചൂണ്ടിക്കാട്ടി.
    എന്നാല്‍, പിന്നീട് ന്യൂനപക്ഷ വിഭാഗങ്ങളെ പാര്‍ശ്വവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. ഒരു ഹിന്ദുവിന് മുസ്ലിമിനെ വിവാഹം കഴിക്കാന്‍ മജിസ്‌ട്രേറ്റിന്റെ അനുമതി വേണമെന്നു വന്നാല്‍ പിന്നെ ഐക്യവും വൈവിധ്യവും എങ്ങനെയിരിക്കും. അതെങ്ങനെ ജനാധിപത്യമാകും. ചരിത്രത്തില്‍ തന്നെ അക്ബര്‍ വിവാഹം ചെയ്തത് രജപുത്ര വനിതയായ ജോധ ഭായിയെയെ ആണ്. തന്റെ പത്‌നിക്ക് കൃഷ്ണനെ പൂജിക്കാനുള്ള അനുമതിയും ചക്രവര്‍ത്തി നല്‍കിയിരുന്നു. എന്നാല്‍, ഇന്ന് ആരെങ്കിലും പ്രണയത്തില്‍ ആകുകയോ വിവാഹം കഴിക്കുകയും ചെയ്താല്‍ അത് മതപരിവര്‍ത്തനത്തിനുള്ള നീക്കമാണെന്ന് ആരോപണം ഉയരുന്നു. നമ്മള്‍ എങ്ങോട്ടാണ് പൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ കേസ് പ്രത്യക്ഷത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം സംബന്ധിച്ചാണ്. എന്നാല്‍, യഥാര്‍ഥത്തില്‍ ഇത് കരുതിക്കൂട്ടിയുള്ള വിദ്വേഷം തന്നെയാണ്. ന്യൂനപക്ഷ വിഭാഗങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തങ്ങള്‍ തീരുമാനിക്കും എന്ന് മറ്റൊരു കൂട്ടര്‍ കല്‍പിക്കുന്നതിന്റെ ഭാഗമാണിതെന്നും ദവേ ചൂണ്ടിക്കാട്ടി.

 

Latest News