Sorry, you need to enable JavaScript to visit this website.

കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്:  നിരപരാധിയായ തന്നെ ഒഴിവാക്കണമെന്ന് വഫ ഫിറോസ് 

തിരുവനന്തപുരം- മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചുകൊന്ന കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ വിധി ഇന്ന് പറയും. കേസില്‍ താന്‍ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നുമാണ് വഫയുടെ വാദം. അപകടകരമായി വാഹനം ഓടിക്കാന്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായ കേസ്. എന്നാല്‍, കേസില്‍ ഗൂഡാലോചനയില്‍ പങ്കുള്ള വഫയുടെ ഹര്‍ജി തള്ളണമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്.
തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്. എന്നാല്‍, കുറ്റപത്രത്തില്‍ അന്വേഷണ സംഘം ഉള്‍പ്പെടുത്തിയ 100 സാക്ഷികളില്‍ ഒരാള്‍ പോലും വഫയ്‌ക്കെതിരെ മൊഴി നല്‍കിയിട്ടില്ല. ഇക്കാര്യം വഫയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. രേഖകളിലോ പോലീസിന്റെ അനുബന്ധ രേഖകളിലോ തെളിവില്ലെന്നും വഫയുടെ അഭിഭാഷകന്‍ വാദിച്ചു. വിടുതല്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമനും വാക്കാല്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.
2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ചത്. വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം. ബഷീറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിഷയത്തില്‍ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടിയിരുന്നു.
സിബിഐ അടക്കമുള്ള എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ അബ്ദുഹ്മാന്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുമെന്നിരിക്കെ പ്രോസിക്യൂഷനും പൊലീസും പ്രതിയെ സഹായിക്കുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
അപകട ദിവസം കെ.എം ബഷീറിന്റെ മൊബൈല്‍ ഫോണ്‍ നഷ്ടമായിരുന്നു. എന്നാല്‍ ഈ ഫോണ്‍ കണ്ടെത്താന്‍ പോലീസിന് കഴിയാത്തത് ദുരൂഹമാണ്. ഫോണില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ ചില തെളിവുകള്‍ ഉള്ളതായി സംശയിക്കുന്നുവെന്നും ഹര്‍ജിയിലുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹര്‍ജിയിലുണ്ട്.
 

Latest News